ഒരുമിച്ചായിരുന്നപ്പോൾ
ധാരണയില്ലാത്ത ലോകത്തായിരുന്നു
നമ്മൾ
കണ്ണുകളും
ഹൃദയങ്ങളും
സംവാദത്തിലേർപ്പെടുമ്പോൾ
മുളക്കാത്ത മഴയെക്കുറിച്ചും
വിപിനത്തിന്റെ
മൌനത്തെപ്പറ്റിയും
നീ വാചാലയായി
നീ തൊലിപോയ ജടായുകളെ തലോടുമ്പോൾ
ഒഴുക്ക് നിലച്ച
പുഴയോടൊപ്പമായിരുന്നു ഞാൻ..
പെയ്യാനാഞ്ഞ
മുകിലിനു കുറുകെ
കല്ലെടുത്തുവച്ച്
നീ മൌനം ഭുജിച്ചപ്പോൾ
നിലച്ചുപോയത്
മറ്റൊരു കവിതയുടെ ഒഴുക്കായിരുന്നു
ഒരുമിച്ചായിരുന്നപ്പോൾ
നമ്മൾ പറയാതെ പോയത്
പ്രണയത്തെ പറ്റി മാത്രമായിരുന്നു
പ്രത്യേകം പറയേണ്ടതില്ലെന്ന് ഞാനും
ഒരിക്കലും പറയില്ലെന്ന് നീയും കരുതിയ
അതെ പ്രണയത്തെ പറ്റി!