ജലാംശം ഇല്ലാതെ കരിഞ്ഞുണങ്ങിയ പുല്ലുകളും കുറെയേറെ ഉരുളന്‍ കല്ലുകളുമുള്ള ഒരു മൈതാനമാണ് വേദിയായി സജ്ജീകരിച്ചിട്ടുള്ളത്,കൃത്യമായിട്ടീ സ്ഥലം ഏതാണെന്ന് ഞാന്‍ പറയുന്നില്ല, നിങ്ങള്‍ കണ്ടു മനസ്സിലാക്കിയാല്‍ നന്ന്. വേദിയില്‍ പ്രാസംഗികന്‍ കത്തിക്കയറുകയാണ്,
"ചരിത്രത്തിന്റെ പ്രാധാന്യവും പ്രായോജകരുടെ അങ്കലാപ്പും നമ്മള്‍ എന്തിനു വക വെക്കുന്നു.?അല്ലെങ്കിലും പ്രാധാന്യമുള്ള ചരിത്രമാണെന്നും പറഞ്ഞു താലോലിച്ചു നടന്നിട്ട് നമുക്കെന്തു നേട്ടം.?ഇവിടെ വിജാരവും വിജ്ഞാനവും ശ്രദ്ധിക്കപ്പെടുന്നു,വികാരങ്ങള്‍ നിര്‍വചിക്കപ്പെടുന്നില്ല"അദ്ദേഹം തല്‍കാലം പ്രസംഗം തുടരെട്ടെ.
പ്രിയ വായനക്കാരാ താങ്കള്‍ക്ക് വേദിയുടെ മുന്നില്‍ ഈ അനേകം പ്രേക്ഷകരുടെ കൂടെ ഇവിടുത്തെ പ്രസംഗവും പിരിമുരക്കുവും സാകൂതം വീക്ഷിക്കാം. ഞാന്‍ വേദിക്കു പിന്നില്‍ ഇനിയും ഉണങ്ങിയിട്ടില്ലാത്ത ഈ വാകത്തണലില്‍ നില്കുവാനാണ് ഉദേശിക്കുന്നത്.അഥവാ എനിക്ക് ഒരേ സമയം പ്രസംഗികനെയും സദസ്സിനെയും വീക്ഷിക്കേണ്ടതുണ്ട്, ആഘോഷങ്ങളായാലും ആചാരങ്ങളായാലും അതില്‍ അലിഞ്ഞു ചേരുന്നതിനെക്കാളും ഉന്മാദ രസികനായി ആടിത്തിമിര്‍കുന്നതിനെക്കാളും അവ പുറത്തു നിന്ന് വീക്ഷിക്കുന്നതാണ് എനിക്കിഷ്ടം,അവകള്‍ ഉള്‍കൊള്ളുന്ന വിവക്ഷകള്‍ എന്താണെന്ന് കൂടുതല്‍ അടുത്തറിയാന്‍ ഏറ്റവും നല്ലതും അത് തന്നെ .അത് കൊണ്ട് നിങ്ങള്‍ തല്‍കാലം എന്നെ അനുവദിക്കണം. മാന്യമായ ഈ സദസ്സിനു ഭംഗിയേകാന്‍ നിങ്ങളുടെ മഹത്തായ മന്ദഹാസം അവിടെ പ്രകാശിക്കട്ടെ.
വേദിയിലേക്ക് വരാം,പ്രാസംഗികന്‍ ഉജ്ജ്വലമായി തന്നെ മുന്നേറുന്നുണ്ട്. വേദിയില്‍ ചിത്രക്കടലാസുകളോ വര്‍ണ്ണാക്ഷരങ്ങള്‍ ചായം പകരുന്ന ബാനറുകളോ തൂക്കിയിട്ടില്ല. പ്രാസംഗികന്‍ ഒരു വൈദികനോ വാദ്യാരോ അല്ലെന്നു അയാളുടെ വേഷത്തില്‍ നിന്നും പ്രഥമ ദൃഷ്ട്യ മനസ്സിലാകുന്നുണ്ട്.(ഒരു മുറിയന്‍ കാല്‍സരായിയും ഇടുങ്ങിയ കുപ്പായവുമാണ് വേഷം,നീളന്‍ മുടികള്‍ അലക്ഷ്യമായി കിടക്കുന്നു,മുഖത്തു താടിരോമങ്ങള്‍ കൊണ്ട് എന്തൊക്കെയോ വരച്ചു വച്ചിട്ടുണ്ട്)
"ഈ കാലഘട്ടത്തില്‍ സമൂഹത്തിന്റെ ഏറ്റവും വല്ല്യ നൈരാശ്യം പാരസ്പര്യ ബന്ധത്തില്‍ വന്നിട്ടുള്ള മൂല്യച്ചുതിയാണ്,ഇതിനെ നമുക്ക് തരണം ചെയ്യേണ്ടതുണ്ട്,അതിനു കലര്‍പില്ലാത്ത നിയമങ്ങളുടെ പിന്‍ബലം ആവശ്യമാണ്,കാലിക പ്രസക്തിയില്ലാത്ത കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്ന ഭരണ വകുപ്പിലെ അപ്പോസ്തലന്മാര്‍ ഒന്ന് കൂടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട് " പ്രസംഗത്തില്‍ പുതുമയുള്ളതൊന്നും ഞാന്‍ കേള്‍കുന്നില്ല.
ദൂരെ നിന്നും നീര്‍കിളികളുടെ സംഗീതവും പേറി ഒരു തെന്നല്‍ എന്റെ വാകത്തൈയുടെ ഇലകളെ തഴുകി തലോടി മറ്റൊരു ദിക്കിലേക്ക് പോയി,ഇപ്പോള്‍ ഞാന്‍ വായനക്കാരന്‍ സ്ഥാനം പിടിച്ചിട്ടുള്ള സദസ്സിലേക്ക് ഒന്നെത്തി നോക്കുകയാണ്, സാധാരണ സദസ്സുകളില്‍ കാണുന്നത് പോലുള്ള കപ്പലണ്ടി കച്ചവടമോ ശീതള പാനീയ വിതരണമോ അവിടെ കാണുന്നില്ല. എല്ലാവരും വേദിയിലേക്ക് ശ്രദ്ധയൂന്നി ഇരിക്കുകയാണ്,നിസ്സംഗത തളം കെട്ടി നില്‍കുന്ന ഒരന്തരീക്ഷം,ആരുടെ മുഖത്തും ഒരു പ്രത്യേക വികാര പരിണാമം കാണുന്നില്ല. എനിക്ക് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു, കയ്യടികളോ പൊട്ടിച്ചിരികളോ ആരവങ്ങളോ ഇല്ലാത്ത ഒരു സദസ്സും തോരണങ്ങള്‍ കൊണ്ട് ആലംകൃതമല്ലാത്ത ഒരു വേദിയും. എല്ലാം കൊണ്ടും അസഹ്യ മായിത്തീരുന്നുണ്ട് .
എന്റെ കൂടെ വന്ന വായനക്കാരനെ വഴിയില്‍ ഉപേക്ഷിച്ചു തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കേ വേദിയില്‍ നിന്നും തീപ്പൊരി വാക്കുകള്‍ കേള്‍കയായി. "കഴിഞ്ഞ കാലത്തില്‍ പൊതു സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് പറയപ്പെടുന്ന പുഴ,കായല്‍ എന്നിവയുടെ സ്മാരകങ്ങളായി ഈ മൈതാനങ്ങളെ നില നിര്‍ത്തുന്നതില്‍ എന്ത് അര്‍ത്ഥമാണ് അല്ലെങ്കില്‍ എന്ത് ആവശ്യകഥയാണ് ഉള്ളത്.? അന്യ ഗ്രഹങ്ങളില്‍ നിന്നും വെള്ളം കൊണ്ടുവരുന്നത് പോലെ മണ്ണും കല്ലും കൊണ്ടുവന്നു ഇവിടെ മഹാ സൌധങ്ങളും നിത്യാചാര മാന വില്പന ശാലകളും പണിഞ്ഞു സമൂഹത്തിന്റെ ഉന്നതിയെ കാത്തു സൂക്ഷിക്കണമെന്നും ഈ യോഗം ശക്തമായി ആവശ്യപ്പെടുകയാണ്"
ഇപ്പോള്‍ സദസ്സ് നൂറു കരിമരുന്നു തിരികള്‍ ഒന്നുച്ചു പൊട്ടിയത് പോലെ പ്രശോഭിതമാണ്, അര്‍പ് വിളികളും കൈയടികളുമായി ശബ്ദ മുഖരിതമാണ്. അതില്‍ എന്റെ അതിഥിയായ നിങ്ങളുമുന്ടെന്നറിഞ്ഞു ഞാനും ചിരിച്ചു. നിറഞ്ഞു തുളുംബിയ കണ്ണുനീര്‍ ഗൌനിക്കാതെ വന്ന വഴിയെ ഞാന്‍ തിരിച്ചു നടന്നു-വായനക്കാരനെ അവിടെ ഉപേക്ഷിച്ചു തന്നെ...
****************************************************************
പ്രത്യേഗിച്ച് പ്രതിഫലനമോന്നും ലഭിക്കാത്ത പുസ്തകം ഞാന്‍ പലവുരു വായിച്ചു നോക്കി, ഒന്നും മനസിലാകുന്നില്ല, പുസ്തകത്തിന്റെ പുറം ചട്ടയും അകം ചട്ടയും നോക്കി, എഴുതിയ ആളിന്റെ പേരോ പ്രസിദ്ധീകരിച്ച സ്ഥാപനത്തിന്റെ വിലാസമോ ഒന്നും കാണുന്നില്ല, ഇങ്ങനെ ഒരു പുസ്തകം എന്റെ മേശപ്പുറത്തു എങ്ങനെയെത്തി എന്ന് മാത്രം മനസ്സിലായില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കി.. ലൈബ്രറിയുടെ മുദ്രയും കാണുന്നില്ല. എന്റെ കവിളുകള്‍ ചുവന്നു വന്നു, സര്‍വ്വ കോപവും കൈകളിലേക്ക് ആവാഹിച്ചു പുസ്തകം ശക്തിയായോരെരു കൊടുത്തു..
എന്റെ ഓഫീസ് മുറിയിലേക്ക് ഫയലും പിടിച്ചു കടന്നു വരികയായിരുന്ന മേലുദ്യോഗസ്ഥന്റെ കഷണ്ടിയില്‍ തന്നെ പുസ്തകം ചെന്ന് കൊണ്ടു, പൊതുവേ മുന്‍കോപിയായ അദ്ദേഹം എന്റെ മേശപ്പുറത്തിരുന്ന പൂക്കുടയെടുത്തു എന്നെ തിരിചെറിഞ്ഞു. എന്റെ തലയില്‍ തന്നെ വന്നു കൊണ്ടു "എന്റമ്മോ" ശക്തമായ ഒരു നിലവിളി കണ്ടത്തില്‍ കുടുങ്ങി നിന്നു...
**********************************************************
നെറ്റിയില്‍ തണുത്ത കൈസ്പര്‍ഷം ഏറ്റപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്, ഉമ്മ ബാം പുരട്ടി തരുന്നുണ്ട്. ഞാന്‍ നന്നായി വിയര്‍ത്തിരുന്നു, "രാത്രീല് ഒറങ്ങാന്‍ കെടക്കുമ്പോ ച്ചിരി നല്ലതെന്തെങ്കിലും ചൊല്ലീം പറഞ്ഞും മാണം കെട്ക്കാന്‍" ഉമ്മ പിന്നെയും എന്തൊക്കെയോ ഉപദേശിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ കേള്‍കുന്നതായത് കൊണ്ടു അതിനു ചെവി കൊടുക്കാതെ ഞാന്‍ കണ്ട സ്വപ്നത്തിന്റെ പൊരുള്‍ തേടുകയായിരുന്നു.
ഇനി അതിന്റെ പൊരുള്‍ തേടല്‍ നിങ്ങളില്‍ നിഷിപ്തം...
ഹനീഫ് കാളംപാറ