Pages

Friday, March 16, 2012

പൊല്ലാപ്പ്


പള്ളിത്തൊടിയിലെ പനയില്‍
ഒരു യക്ഷി പാര്‍ക്കുന്നു ണ്ടെന്ന്..
അര്‍ദ്ധ രാത്രി ഉത്സവം 
കഴിഞ്ഞു മടങ്ങും വഴി
ബീരാനിക്കയാണ് കണ്ടത്.

പ്രശ്നവശാല്‍ ഒരു
യക്ഷിയുടെ മഹനീയ 
സാന്നിദ്ധ്യം ഉണ്ടെന്നു
കണിയാനും പറഞ്ഞു.
"എങ്കില്‍ പനയും സ്ഥലവും 
വിട്ടു കിട്ടണ"മെന്ന്
സേവക് സംഗം..
"യക്ഷി ഞങ്ങളുടെ
സങ്കല്പത്തിലുള്ളതാണെ"ന്ന്...

സങ്കല്പമെല്ലാം യാഥാര്‍ത്യ-
മല്ലെന്ന് ഒരു മാന്യന്‍. 
ത്രിശൂലത്തിന്റെ വായ്ത്തല 
നാവില്‍ കൊണ്ടതോടെ
അദ്ദേഹം പിന്‍വലിഞ്ഞു.

"യക്ഷിയെ മാത്രമെടുത്തോ,
പനയും മണ്ണും വഖഫാണെ"ന്നു
വക്ര ബുദ്ധിയുടെ പുറം-
തോടിനു മേല്‍
ശിരോവസ്ത്രമണിഞ്ഞവര്‍.!

അടിയായി,ഇടിയായി,വെട്ടായി
ആദ്യം പിടഞ്ഞു പൊലിഞ്ഞത്
മദ്രസയില്‍ പോയ 
നിഷ്കളങ്ക ബാല്യം.. 
പിന്നീടങ്ങോട്ട് 
നിരപരാധികളുടെ നിണം 
കൊണ്ട് കുളം തീര്‍ത്തു
സന്മാര്‍ഗ കാപാലികര്‍.

രക്തക്കുളത്തില്‍ വാളും- 
ത്രിശൂലവും കഴുകിത്തുടച്ചു 
ദേവിയുടെ മുന്നിലും
മിമ്പറിലും പ്രതിഷ്ടിച്ചു 
സേവകരും തൊപ്പിക്കാരും

അടുത്ത വര്‍ഷവും 
ഉത്സവത്തിന് പോയ
ബീരാനിക്ക കണ്ടു 
പനയുടെ മുകളില്‍
യക്ഷിയല്ല...
നരച്ചു വെളുത്ത
ഒരു പനയോല..!!