Pages

Friday, December 14, 2012

ജാനുനായിക്


അധികാരത്തിന്റെ തേന്‍ നുകര്‍ന്ന്
സിരകളില്‍ മത്തു പിടിച്ചിരിക്കുന്ന
ഉന്നതജാതര്‍ക്ക് മുന്നിലേക്ക്‌
നിശബ്ദം പിടഞ്ഞു വീണ
നിന്നെ പോലുള്ള പഴുത്തിലകളെ
ഗൌനിക്കാന്‍ മാത്രം
തിമിര ബാധിതമാല്ലാത്ത
കണ്ണുകള്‍ അവര്‍ക്കില്ല.

എണ്ണപ്പെട്ട വര്‍ഷങ്ങള്‍ മാത്രം
ആയുസ്സുള്ള അധികാര പീഠത്തിന്റെ
നിശ്ചിത രേഖയിലുള്ള
ചാക്രിക ചലനങ്ങളില്‍,
എതിരെ നിന്നുള്ള ആക്രോശങ്ങളെയും
വശങ്ങളില്‍ നിന്നുള്ള വിലാപങ്ങളെയും
കൃത്രിമ പുഞ്ചിരിയിലൂടെ
പൂമാലയാക്കുന്നവര്‍ക്ക് മുന്നില്‍
നീ രക്തസാക്ഷിയല്ല;
കത്തുന്ന ചിരാതിലേക്ക്
പറന്നു ചാടിയ പ്രാണി മാത്രം.

ഇരകളുടെ പട്ടടയില്‍
മുതലക്കണ്ണീര് കൊണ്ട്
അനുശോചനമെഴുതാന്‍
കാലം നിയോഗിച്ച വേടന്മാരത്രേ അവര്‍.
വനരാജന്റെ മുന്നിലകപ്പെട്ട
മാന്‍പേടക്കു രക്ഷയില്ലെങ്കിലും
തിരിഞ്ഞോടാന്‍ ഒരവസരമുണ്ട് .
ഇവിടെ ?

പ്രതീക്ഷയുടെ അവസാന
തിരിയുമണഞ്ഞപ്പോള്‍
സ്വയം വിധിച്ച വഴിയേ
ഫ്യൂറഡാന്‍ രുചിച്ചു യാത്രയായ നിനക്ക്
ആത്മ ശാന്തി നേരുന്നു.
എങ്കിലും പ്രിയ ജാനുനായിക്
നീ മാതൃകയായേക്കാവുന്ന
തലമുറയോട് പറയട്ടെ
മരണം ഒരിക്കലെ പറ്റൂ..
ഭീഷണി പതയുന്ന മുദ്രാവാക്യം
പലതവണയാവാം !

ഇനിയുമീ വഴിയേ...


തെളിഞ്ഞു വരുന്ന പകലിനു മുമ്പേ
മിഴി തുറക്കുന്ന കവിതക്ക് കൂട്ടായി
ഒരു കുഞ്ഞു തെന്നലെന്നും;
മുളക്കാന്‍ മടിച്ച പ്രണയ വിത്തിന്
വെള്ളവും വളവുമരുളുന്ന
വാചാ പ്രസംഗവുമായ് വരാറുണ്ടായിരുന്നു.
വഴി വിളക്കുകള്‍
തെളിയിക്കപ്പെടുന്നത് വരെ നീളുന്ന
സ്നേഹ സമ്പര്‍ക്കങ്ങള്‍ക്ക്
സാക്ഷിയായ മുളം തണ്ടുകള്‍
എല്ലാം മനസ്സിലാക്കിയ കാര്‍ന്നോരെപ്പോല്‍
തലയനക്കുമായിരുന്നു.
ഭാഗ്യ പരീക്ഷകളുടെ
ചതുര വൃത്തങ്ങളില്‍ നിന്ന്
നഷ്ടം മാത്രം നേടിയൊരു ദിവസത്തില്‍
ഒരു നോക്ക് കാണാതെ
മറ്റാരുടെയോ പൂവാടിയിലേക്ക്
കളം മാറ്റിയ തെന്നലിന്റെ
നിര്‍ദയ സമീപനത്തില്‍ മനം നൊന്ത്
വിഷാദ മൌനത്തിന്റെ
കട്ടിയുള്ള കരിമ്പടം പുതച്ചു
തൂലികത്തുമ്പിലേക്ക് ഒതുങ്ങിക്കൂടിയ കവിത
പിന്നീട് വരികളിലേക്ക് പടര്‍ന്നില്ല.!
"ഈ പകലിനപ്പുറത്ത്  വഴിവിളക്കുകള്‍
പ്രകാശിക്കാതിരുന്നെങ്കി"ലെന്ന്
പരിതപിക്കുകയാണ്
ദു:ഖാര്‍ത്തരായ കടലാസുകളിപ്പോള്‍.

തെറ്റ്


മനുഷ്യകുലത്തിലെ
അതിസാധാരണമായ
ഒരു മാതൃകയുമായിട്ടായിരുന്നു
എന്റെ ആദ്യ നിശബ്ദ പ്രണയം .

നവയുക്തികള്‍ക്ക്
വെളിച്ചം കിട്ടുന്ന
പുതിയ കാലങ്ങളില്‍ നിന്നൊളിച്ചോടി-
പൂമുഖഭിത്തിയില്‍ തൂങ്ങുന്ന
സ്ഫടികക്കൂടുകളിലേക്ക് ചേക്കേറിയ
പഴയ ധിഷണകള്‍ സൃഷ്ടിച്ച
അനാവശ്യ സദാചാര ബോധത്തിന്റെ
നിറംകെട്ട ചെറ്റുരുളിയില്‍
ചിന്തകളെ  പുഴുങ്ങാനിട്ട അയാള്‍
എന്റെ നിര്‍വ്യാജ പ്രണയവും
സ്നേഹ സമ്പര്‍ക്കങ്ങളും
നിര്‍ദയം നിഷേധിച്ചു .!

ചിലപ്പോഴെങ്കിലും
ഒരു തെറ്റ് ചെയ്യണമെന്ന്
ഞാനാഗ്രഹിക്കുന്നു ..
സ്വയം ഒതുങ്ങിക്കൂടുന്ന
മതില്‍കെട്ടിനുള്ളിലിരുന്ന്
തിരശീല മാറ്റി തിരിഞ്ഞു നോക്കുമ്പോള്‍
ഓര്‍മ്മകളില്‍ മധുരനൊമ്പരമുണര്‍ത്തുന്ന
മഹത്തായ തെറ്റ്..

തുലാവര്‍ഷം


ചിണുങ്ങിപ്പിണങ്ങിപ്പെയ്യുന്ന
പുതു മഴ
നിന്നെ പോലിരിക്കും
അത് കൊണ്ടാണ്
പുതു മഴയില്‍ നനഞ്ഞ-
മണ്ണിന്റെ മണം
ആവോളം ആസ്വദിച്ചത് .

പക്ഷേ,

പിന്നാലെ വരുന്ന കൊടുംകാറ്റിന്
നിന്റെ വാപ്പച്ചിയുടെ
ചായയുണ്ടാകുമെന്നും,
ഇടി മിന്നലിന്
അമ്മാവന്മാരുടെ
മുഴക്കമായിരിക്കുമെന്നും
സ്വപ്നേപി കരുതിയിരുന്നില്ല.

ഒലിച്ചു പോകാനല്ല,
ഒന്ന് നനഞ്ഞു
കുതിരാനേ ആഗ്രഹിച്ചുള്ളൂ !

ജന്മദിനം


ഹൃദയം കുത്തിത്തുരന്നു
സ്നേഹം കാര്‍ന്നുതിന്നുന്ന
ഡ്രാക്കുളകളുടെയും,
അമാവാസിയില്‍ നിദ്ര നിഷേധിക്കുന്ന
പ്രേതപിശാച്ചുക്കളുടെയും
ജന്മദിനങ്ങളില്‍
ഞാന്‍ കവിത ചൊല്ലും.

വിരഹത്തിന്റെ ഉടുക്ക് കൊട്ടി,
പ്രണയംവറ്റിയ ഹാര്‍മോണിയത്തില്‍
തലയിട്ടുലച്ച്,
നോവുന്ന പ്രാസവും
കയ്ക്കുന്ന വൃത്തവും
വരികളില്‍തൂങ്ങുന്ന കവിതകള്‍
മൂന്നുയാമവും നടന്നു ചൊല്ലും.

ചിന്തകള്‍ക്ക്
ബോധക്ഷയം വരുന്നത് വരെ
ആഘോഷം കൊഴുപ്പിച്ചുകൊണ്ടിരിക്കും

എന്നാല്‍,
മനുഷ്യരുടെ ജന്മദിനങ്ങളില്‍
ഏറെക്കുറെ ഞാന്‍ നിശബ്ദനായിരിക്കും.
ഒരുപക്ഷേ,
മനുഷ്യര്‍ ജനിച്ചിട്ടേയില്ലല്ലോ!

പ്രയാണം


മണല്‍ തരികളുടെ 
നനഞ്ഞ 
ഗന്ധമൂറുന്ന കടല്‍ തീരത്ത്‌ 
നീലാകാശത്തിന്റെ 
തെളിഞ്ഞ 
മൗനത്തിലേക്ക് നോക്കി 
മലര്‍ന്നു കിടക്കുംപോഴാണ്
നിന്റെ 
ഓര്‍മ്മകള്‍ കൂടുതല്‍ വാചാലമാകുന്നത്.

പാഥ തുടുത്തു വരുന്ന 
പീത സായന്തനത്തില്‍നിന്ന് 
കാഴ്ച മടങ്ങുമ്പോള്‍ 
ചിണുങ്ങിയ നിന്മുഖം 
സ്വപ്നക്കൂടുകള്‍ തുറന്നു തരും.

മഴനിലച്ച വിപിനത്തിലെ 
പുഴ പോലെ 
നിശ്ശബ്ദമൊഴുകുന്നു നീ
എന്റെ കടലിലേക്ക്‌ !