Pages

Thursday, July 19, 2012

സസുഖം അസുഖം


 ഉള്ളില്‍ നിന്ന് കുളിരും
പുറമേ നിന്ന് ചൂടും
പകര്‍ത്തുന്ന
അനശ്വരാനുഭൂതിയെ
പനിയെന്നു വിളിച്ചവരാരോ
അവര്‍ക്ക് വന്ദനം .
കണ്ണുകള്‍ക്ക്‌ വരള്‍ച്ചയും
അസ്ഥികള്‍ക്ക് തളര്‍ച്ചയും
പേശികള്‍ക്ക് വിളര്‍ച്ചയും
കീടങ്ങള്‍ക്ക് വളര്‍ച്ചയും
വിഭാവനം ചെയ്യുന്ന
അത്യാപല്കര വികാരത്തെ
എന്നിലേക്ക്‌
പടര്‍ത്തിയവരാരോ
അവര്‍ക്ക് വന്ദനം.
ഉപ്പൂറ്റി മുതല്‍ ഉച്ചി വരെ
തളര്‍ത്തുന്ന
രോമകൂപങ്ങളില്‍
താപം നിറക്കുന്ന
ചിന്താ ശേഷിയെ
മന്ധീപവിപ്പിക്കുന്ന
അനുസ്യൂത പ്രവാഹമേ
നിനക്ക് വന്ദനം .
ഒന്നുകില്‍ എന്നെയും കൊണ്ട്
പോകുക .,അല്ലെങ്കിലെന്റെ
പ്രതിരോധ ശേഷിക്കു മുന്നില്‍
തല കുനിക്കുക ...

പന്ത്


ഉള്ളിലെ മര്‍ദ്ദം
പുറത്തറിയിക്കാതെ
പരമാവധി
ഉരുളുകയാണ്
കാലുകളില്‍ നിന്ന്
കാലുകളിലേക്ക് .

കളിക്കിടയിലാരെങ്കുലും
വികൃതി കാണിക്കുമ്പോഴാ
അല്പം സന്തോഷം
തോന്നുന്നത് ,
ഒന്ന് നീളത്തില്‍ പാറാമല്ലോ...

കാവല്‍


ആളൊഴിഞ്ഞ
പൂരപ്പറമ്പില്‍
നിന്നെ തനിച്ചു കണ്ടിട്ടും
എന്റെ കൂടെ കൂട്ടാത്തത്
നിന്നോടുള്ള
ഇഷ്ടക്കുറവല്ല .,
സദാചാര വാഹകരുടെ
നിരോദനാജ്ഞ
ശിരസാവഹിക്കുന്നത്
കൊണ്ടാണ് .

കാലം പകുത്തു തരുന്ന
പുതു യുഗം വരെ
നീ തനിച്ചിരിക്കുക
എന്റെ കണ്ണുകള്‍
കാവലായ് നിനക്ക് ചുറ്റുമുണ്ട് .

ഒരു അറിയിപ്പ്


നനുനനുത്ത
ക്ഷീരസമാനമായ
നിന്റെ കൈകളില്‍
വരഞ്ഞു വച്ച
മൈലാഞ്ചി വര്‍ണ്ണങ്ങളില്‍
നിഴലിക്കുന്നത് എനിക്കുള്ള
സന്ദേശമാണെന്നത്
വെറും തോന്നാലാകാം .

ഇതുവരെ കാണാത്ത
നിന്റെ കണ്ണുകളില്‍ നിന്നുള്ള
ആന്തരിക പ്രവാഹം
എന്നെയാകെ
കോരിത്തരി പ്പിക്കുന്നു
എന്നതും
വെറും തോന്നലാകാം .

ചുളിഞ്ഞ തട്ടത്തുമ്പ്‌ മാറ്റി
ഒരു കണ്ണാലെന്നെ
ഒളിഞ്ഞു നോക്കുന്നുണ്ടെന്നും
അത് നിന്റെ ഇഷ്ടം
പ്രകടിപ്പിക്കലാണെന്നതും
എന്റെ ധാരണ മാത്രമാവാം .
'
ഒരുമിച്ചു തിന്നാന്‍
വിളമ്പിയ
അപ്പക്കഷ്ണത്തില്‍ നിന്ന്
പാതിയടര്‍ത്തി
നീ നിഷേധം കാട്ടിയാല്‍
നമ്മുടെ ശരീരങ്ങള്‍
അകലുമായിരിക്കും .
പക്ഷേ.,

നിന്റെ ഹൃദയത്തില്‍ കൊരുത്ത
എന്റെ ഹൃദയം
അടര്‍ത്തി മാറ്റാന്‍
ജഗന്നിയന്താവിന്റെ
അവസാന കല്‍പനക്കേ കഴിയൂ !
കാരണം
ഞാന്‍ നിന്നെ പ്രേമിക്കുന്നൂ ,
നിന്റെ അനുമതിയില്ലാതെ തന്നെ ..!

പ്രിയപ്പെട്ട റമദാന്‍


അന്ന്
നീയൊരനുഗ്രഹമായിരുന്നു.
വിശപ്പിന്റെ
ആന്തരിക ജ്വലനവും
ബാഹ്യമായ
ഭാവ മാറ്റങ്ങളും
ഒടുവില്‍ അന്നനാളത്തില്‍
കുളിരു പടര്‍ത്തുന്ന
ദാഹജല സഞ്ചാരത്തിന്റെ  
നിര്‍വൃതിയും ആദ്യമായ്
അനുഭവഭേദ്യമാക്കിയതിനു
നിനക്ക് നന്ദി .

ഇന്ന്
നീയൊരാഘോഷമാണ് .
അന്നം ലഭിക്കാത്ത
മനുഷ്യ ജന്മങ്ങളെ
അന്നം നിലക്കാത്ത
സാമ ദ്രോഹികള്‍
അടിമകളാക്കുന്ന ,
ആശ്രമങ്ങളില്‍
ആത്മീയ മന്ത്രങ്ങള്‍ക്ക് പകരം
ആഭാസ തന്ത്രങ്ങളുണരുന്ന
കമ്പോള യുഗത്തില്‍
നീയുമൊരുല്പന്നമായി .

നഗരമോഹന രാത്രികള്‍
നിന്റെ പേരില്‍
ആര്‍ഭാട വല്കരിക്കുന്ന
പുതുയുവതയ്ക്ക് ആത്മ ശുദ്ധിയല്ല
ഭോഗാനുഭൂതിയാണ് പഥ്യമത്രേ

പ്രിയപ്പെട്ട റമദാന്‍..
പുണ്ണ്യങ്ങള്‍ പൂക്കുന്ന
നിന്റെ ദിനരാത്രങ്ങളെ
തിരിച്ചെടുക്കുക .,
കാല ചക്രങ്ങള്‍ തിരുത്തി എഴുതിയ
അനുഷ്ടാനങ്ങളില്‍ നീയും മാറുക

മതില്‍ പുരാണം


നമ്മുടെ
ഹൃദയങ്ങളുടെ
സമാഗമ സ്ഥലത്ത്
ഉയര്‍ന്നു വന്ന വന്മതിലിനു
അടിത്തറ പാകിയത്‌
ഞാനാണെങ്കിലും
ഉത്സാഹിച്ചു പണിതത്
നീയാണ് .

ഒരുമിച്ചു കോര്‍ത്ത
സ്വപ്ന മാലിക
അറ്റങ്ങള്‍ കുരുക്കും മുന്‍പേ
അവകാശം പറഞ്ഞു
മുത്തുകള്‍ അടര്‍ത്തി
എടുത്തതും നീയാണ് .

സ്നേഹ ബന്ധങ്ങള്‍ക്കിടയിലുയരുന്ന
മതിലുകളെ തകര്‍ക്കുന്ന
രസതന്ത്രങ്ങള്‍
ഫലിക്കാത്തതില്‍
ഞാന്‍ ദു:ഖാര്‍ത്ഥനാണ്
നീ കൃതാര്‍ത്ഥയും ?

പിന്നീടൊരു നാള്‍ നീ
പൊയ്പോയ വസന്തത്തിന്റെ
ഓര്‍മ്മകളയവിറക്കുമ്പോള്‍
നഷ്ട ബോധത്താല്‍
ഓടിവന്നെന്റെ കുഴിമാടം തോണ്ടിയാലും
കിട്ടുന്നത് ഒരു എല്ലിന്‍ കൂടായിരിക്കും.
എങ്കിലും നീ കരയരുത് ...
അസ്ഥിപഞ്ജരമായെങ്കിലും
നിന്റെ കണ്ണുനീര്‍
എനിക്ക് താങ്ങാനാവില്ല !

മൃതിയോട്


അപരിചിതയെ പ്പോലെ
മാറി നടക്കുന്നതെന്തേ സഖീ നീ ?
മഹാ വിപിനത്തെ തോല്പിക്കുന്ന
നിന്റെ ഭയാനതയെ ,
ഹിമശൈല പര്‍വ്വം പോലുള്ള
നിന്റെ തണുപ്പിനെ ,
തിളക്കമില്ലാത്ത കൈകള്‍ കൊണ്ട്
എന്റെ ഹൃദയത്തില്‍ കാരമുള്ളു
കുത്തിയാഴ്ത്തുംപോലുള്ള
അവര്‍ണ്ണനീയ വേദനയെ ,
എല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നെന്നു
എന്നെക്കാളും നിനക്കറിയാം .
എന്നിട്ടും നീ മാറി നടക്കുന്നത്
ആരുടെ അനുമതിക്കായാണ് ?
കമിതാക്കളുടെ പരാഗണത്തിന്
അനുമതി നല്‍കാത്ത ദൈവങ്ങളുണ്ടോ ?

നീ വന്നാലും
നിന്റെ മരവിച്ച മടിയില്‍
ശയിക്കുന്നതും സ്വപ്നം കണ്ടു
ഞാനീ മേടുകളും
മരുഭൂകളും താണ്ടുന്നു
എന്റെ താളവും ലയവും നിനക്കാണ്
എന്റെ രചനയും മൊഴികളും നിനക്കാണ്
അല്ല ! ഞാന്‍ തന്നെ നിനക്കുള്ളതാണ്
ഒളിഞ്ഞു നിന്ന് ഭയപ്പെടുത്താതെ
അടുത്തു നിന്നനുഗ്രഹിക്കൂ സഖീ !

കരിങ്കഥ


ഹിന്ദിയിലെയും
ബംഗാളിയിലെയും കറുത്ത-
ജന്മങ്ങളുടെ വിയര്‍പ്പു ചേര്‍ത്തു
പണിതതാണിത്
അതാവുമീ;
ഗഗനചുമ്പികള്‍
ഓരം നിറക്കുന്ന പാതകള്‍
ഇത്ര കറുത്തു പോയത് .!

മൈലുകള്‍ക്കകലെ
അരച്ചാണരുവിയുടെ
നാഡീ മിടിപ്പ്‌
നിലക്കാതിരിക്കാന്‍
ഉള്ളില്‍ നിറയുന്ന ഗദ്ഗദങ്ങള്‍
തൊണ്ടയില്‍ കുരുക്കിയിട്ടു
വേര്‍പ്പൊഴുക്കുന്നിവര്‍..

ഉണങ്ങിയ സ്വപ്‌നങ്ങള്‍
വീണ്ടും പുഷ്പിക്കാതിരിക്കാന്‍
വയറുകള്‍ മധുകുംഭാമാക്കിയെ
ഉറങ്ങാറുള്ളൂ !

വീണ്ടും പുലര്‍ന്നാല്‍
ചിരി നിലച്ച ചുണ്ടുകള്‍ കോട്ടി
ആവിനാഗങ്ങളാടുന്ന
മണല്‍ കാട്ടിലിറങ്ങും.,
ഉന്നതര്‍ക്കുല്ലസിക്കാന്‍
പുതിയ വൃത്തങ്ങള്‍ പണിയും .

പണിതു കൊണ്ടേയിരിക്കും.,
വര്‍ണ്ണ ക്കവറുകളിലൊളിച്ച
ഭീകര സത്വങ്ങള്‍
നാഡീവ്യൂഹത്തെ തളര്‍ത്തും വരെ ..
ഇവരും മനുഷ്യ ജന്മങ്ങള്‍ !