Pages

Thursday, August 16, 2012

കാത്തിരിപ്പ്


നിര്‍നിദ്ര രാത്രികളില്‍
ഒരു കുളിര്‍ മഴയായ്
നീ പെയ്യുന്നതും കാത്തു
ഒറ്റക്കൊരു വേഴാമ്പല്‍
എന്തോ ഓര്‍ത്തിരിക്കുന്നു..
നിന്നാത്മ ഹര്‍ഷത്തില്‍ നിന്നുതിരുന്ന
അലകളുടെ തലോടലില്ലാതെ
ഈ ഹൃദയ തീരം
ചടച്ചിരിക്കുന്നു .
ഒരു കുളിര്‍ തെന്നലിന്റെ
നനുനനുത്ത സ്പര്‍ശനമേല്‍ക്കാതെ
ഈ ഈറന്‍ മുളകള്‍
വിഷണ്ണരായ്  നില്കുന്നു .
ഇവിടെ മുരളികകള്‍ നിശ്ചലമായിരിക്കുന്നു ,
ഇവിടെ ദലമര്‍മ്മരങ്ങള്‍ക്ക്
താളം നഷ്ടപ്പെട്ടിരിക്കുന്നു ,
നിന്നഭാവവും നിന്റെ നിഷേധവും
ഇവിടെ വസന്ത ഹേമന്തങ്ങളുടെ
നിറം കെടുത്തിയിരിക്കുന്നു .!
ഇവിടെയീ
ഏക ശിലാപാളിയില്‍ തഴുകുന്ന
കുഞ്ഞിളം കാറ്റിലും നിന്നെ മണക്കുന്നു,
ഇവിടെയീ മുറ്റത്ത്
വിരിയുന്ന ഒരിതള്‍ പൂവിലും
നിന്റെ പാല്‍ മന്ദഹാസം നിഴലിച്ചു നില്കുന്നു ,
ഇവിടെയാകാശ മേലാപ്പിലുദിക്കുന്ന
താരകള്‍ക്കിടയിലും
നിന്റെ ശ്രീ മുഖം
എന്തോ പറഞ്ഞോടി യൊളിക്കുന്നു.!
എങ്കിലും നിന്നിലെ നിന്നെ
മാത്രം കാണാനായ്
രണ്ടു നേത്രങ്ങള്‍ മഴനൂലുകള്‍ക്കിടയിലൂടെ
കൊചൂടു വഴിയില്‍
കണ്‍ പാര്‍ത്തിരിക്കുന്നു ..
അവിടെ
നിന്റെ പദനിസ്വനം കേള്‍കു-
മെന്നാത്മ വിശ്വാസം തന്നെ
എന്നെ നയിക്കുന്നതിപ്പോഴും !