Pages

Wednesday, August 1, 2012

തലയിലെഴുത്ത്


പ്രണയം ഉള്ളിലൊളിപ്പിച്ചു
ഞാനെഴുതിയ വരികള്‍ക്ക്
നീ തന്ന മറുപടികള്‍
വായിക്കുമ്പോള്‍
ഞാന്‍ രമ്യഹര്‍മ്മത്തിലിരുന്നു
മനക്കോട്ട പണിയുകയായിരുന്നില്ല .,
നിന്നെ
തീറ്റിപ്പോറ്റാനുള്ള
പുതു വഴികള്‍ തേടുകയായിരുന്നു.!

ധര്‍മ്മം


ഭൂമിയുടെ വരണ്ട
ചര്‍മ്മത്തിന്നാഴങ്ങളിലുള്ളറകളില്‍
അടയിരിക്കുന്ന
ജൈവ കണങ്ങളെ
ഊറ്റിയെടുത്തു മുള്ളിനും
തണ്ടിനുമിലകള്‍ക്കുമൂട്ടുന്ന
സാര്‍വ പരിത്യാഗിയാം വേര് .
സ്വസന്താനങ്ങള്‍ക്കന്നത്തിനായ്
പകലന്തിയോളം
നീരു വീഴ്ത്തുന്ന താതനെപ്പോല്‍ .
അന്നം വെടിഞ്ഞുപവസി-
ച്ചാലുമുണ്ണികളെയൂട്ടുന്ന
സ്നേഹമയിയാം അമ്മയെ പ്പോല്‍ .
സ്വമഞ്ജിമയിലുല്ലസിച്ചുന്നതരായ്
വിലസുന്ന ഇലകളും പൂ , കായകളുമറി-
യുന്നില്ലീ വേരുകളുടെ
സഹന ശക്തിയെ .,
ഗൌനിക്കുന്നില്ലീ വേരുകളുടെ വയ്യായ്മയെ..
ആലംബമില്ലാതെയുരുകുന്ന
വേരുകള്‍ക്കിന്നീ വരികളും
നല്‍ സദനങ്ങളും മാത്രമേ ബാക്കി .

തട്ടിക്കളി


മൈതാന മധ്യത്തിലെ
വൃത്തത്തിനുള്ളില്‍
അങ്ങോട്ടുമിങ്ങോട്ടും
തട്ടിക്കളിച്ചിരുന്ന പന്ത്
നിന്റെ ഹൃദയ
കവചത്തിനുള്ളിലേക്ക്
ഒരു ലോങ്ങ്‌ ഷോട്ട്
പായിക്കാന്‍
എനിക്ക് ധൈര്യം കിട്ടിയത്
ഇപ്പോഴാണ്
ഇനി
നമുക്കൊരുമിച്ചു കളിച്ചു
ഒരു ഗോളങ്ങു അടിക്കരുതോ
പ്രിയാ..

ചെകുത്താനും കടലിനും മദ്ധ്യേ


സാമൂഹ്യ ബോധത്തിന്റെ
നടുക്കടലിലലയുന്ന
കൊച്ചു നൌകയിലിരുന്നു
അലകളെണ്ണിയാണ് എഴുത്താരംഭിച്ചത് . 
കരയുടെ കരലാളനത്തില്‍
ഹര്‍ഷ പുളകിതയായ് ലാലസിക്കുന്ന
തിരകളുടെ സൌന്ദര്യ ബോധത്തെ
അതി ഭാവുകത്ത്വത്തിന്റെ
കരകരപ്പില്ലാതെ വര്‍ണ്ണിച്ചതില്‍ പിന്നെ
തീരവും കവിയെ കാമിച്ചു തുടങ്ങി..
കാര്യ മറിഞ്ഞു കലിപൂണ്ട
കടലില്‍ നിന്ന് രക്ഷ തേടി
കരയെ പുല്‍കാന്‍ നൌക തിരിച്ച കവിയിപ്പോള്‍
സവര്‍ണ്ണരുടെ ആത്മബോധം കയ്യാളുന്ന
ചെകുത്താന്റെ കരാളഹസ്തത്തിനുള്ളിലാണ് .
ഒന്നുകില്‍ കാവ്യ തത്ത്വവും
അനുഷ്ടാനാചാരങ്ങളും
ഹോമ കുണ്ഡത്തിലെറിഞ്ഞു
ചെകുത്താന്‍ സഭയിലെ
കരിങ്കാലിക്കവികളിലൊരാളാവാം .
അല്ലെങ്കില്‍ അഭിമാനബോധവും കെട്ടിപ്പിടിച്ചു
അലയാഴിയുടെ അടിത്തട്ടിലൂളിയിട്ട്
ആത്മാഹുതി ചെയ്യാം .,
രണ്ടായാലും തിരയുടെ നിര്‍ദ്ദയാക്രമണത്തില്‍
തീരം അലിഞ്ഞില്ലാതാവും .

അലങ്കാരം


സ്വയം ക്ഷണിതാവായ
കാറ്റിനു യഥേഷ്ടം കയറിവരാന്‍
വേണ്ടിയാണ് ഈ ജാലകം തുറന്നിട്ടത് .
കാറ്റ് നിന്റെ ഓര്‍മകളെയും കൂട്ടി വരുമെന്ന്
തീരെ പ്രതീക്ഷിച്ചില്ല .
ഇനിയിപ്പഴീ എഴുതിത്തീരാത്ത
എന്റെ കവിതയ്കൊരലങ്കാരമായി
നീയിരിക്കട്ടെ..
എങ്കിലും നിരൂപകരുടെ
കണ്ണില്‍ പെടാതെ നോക്കണം .,
അവര്‍കറിയില്ലല്ലോ
നീയൊരു ലോല ഹൃദയയാണെന്ന്