Pages

Thursday, March 20, 2014


നിന്റെ
അസാന്നിദ്ധ്യങ്ങളില്‍ നിന്ന്
ഞാന്‍ കണ്ടെടുത്ത
കവിതകളെല്ലാം
ചിലങ്ക കെട്ടിയ
കാറ്റനക്കത്തിന് പോലും
നിറം നല്‍കാനാകാത്തവിധം
നിശ്ശബ്ദമായിരിക്കുന്നു.!

ദിശാമുഖത്താ-
ത്മാഹുതി ചെയ്ത
കാമനെ
ഇരവെണ്ണിക്കാത്തിരിക്കുന്ന
സൂര്യകാന്തി
യാകുന്നുവോ നീ!?

ആ..



'ആ'എന്നക്ഷരത്തിൽ നിന്നോ
'അമ്മ'യെന്ന
വാക്കിൽ നിന്നോ
'മ്മ'യെന്ന
പകുതിയിൽനിന്നോ
ആണെന്റെ
കവിതയാരംഭിക്കുന്നത്..

ചിരികളും
ചിണുങ്ങലുകളും
കരച്ചിലും പിണക്കങ്ങളും
ഇടയ്ക്കിടെ ഇറങ്ങിയോടുന്ന
വൃത്തമുടഞ്ഞ
വരികളിൽ
പ്രാസമൊക്കുന്നില്ല,
താളം ചേരുന്നുമില്ല!

എങ്കിലുമിടക്കൊക്കെ
എഴുത്തു മേശയുടെ
കരകരപ്പിൽനിന്ന്
ചില ജീവക്രമങ്ങള്‍
ഉരിത്തിരിഞ്ഞ്
വരാറുണ്ട്!

ഭൂമിയുടെ
അവസാനത്തെ ചരുവിലേക്ക്
ചിറകില്ലാ പക്ഷികളെപ്പോലെ
അവ നഷ്ടപ്പെടാറുമുണ്ട്..

അതെന്തെങ്കിലുമാകട്ടെ,

ഏതക്ഷരത്തിൽ തുടങ്ങിയാലും
ഏത് തൃഷ്ണയിൽ
വികസിച്ചാലും
എത്ര സങ്കല്പ്പങ്ങളിലെക്ക്
പരകായം ചെയ്താലും
നഷ്ടപ്പെടുന്ന ഘനത്തെ
തിരിച്ചുപിടിക്കാനുള്ള
പാഴ് ശ്രമത്തിലും
'മരണ'മെന്ന വാക്കിലുമാണ്
എന്റെ ജീവിതമാവസാനിക്കുന്നത്,
ഈ കവിതയും..

അതിനാൽ, ആസ്വാദകർക്ക്
രണ്ടും ശുഭകരമല്ല..

ഡിസാസ്റ്റർ


ചേക്കാറാൻ
ചില്ലകളും
ഒളിച്ചിരിക്കാൻ മേടുകളും
കിട്ടാതെ വരുമ്പോഴാണ്
കാറ്റ് കരയിലേക്ക്
വീശുന്നതും
കരള് തകർക്കുന്നതും!

അവരെ
നിങ്ങൾ കത്രീനയെന്നൊ
ദേവിയെന്നോ വിളിക്കും.

ജനങ്ങളേ..,
പ്രണയിക്കാതിരുന്നു നോക്കൂ!
എങ്കിൽ
നിങ്ങളുടെ പ്രഭാതങ്ങളിൽ
കാറ്റുമുണ്ടാവില്ല
കടലുമുണ്ടാവില്ല;
ഇരമ്പൽ പോലുമുണ്ടാവില്ല.!!

ഇത്രയേറെ
പ്രഭ ചൊരിഞ്ഞിട്ടും
സൂര്യകാന്തീ;
നിന്നെ സ്വന്തമാക്കാനാവാതെ
ഞാനിതാ വീണ്ടുമീ
ചക്രവാള സീമയിലേക്ക്
പഴുത്തു വീഴുന്നു....

കാലവും പാലവും


പ്രണയത്തിന്റെ ആദികാലങ്ങളിൽ
നമുക്കിടയിലുണ്ടായിരുന്ന
പാലത്തിലൂടായിരുന്നു
കാലം അതിവേഗം
കുതിച്ചു പാഞ്ഞു കൊണ്ടിരുന്നത്

ആഗമന നിർഗമനങ്ങൾക്കിടയിൽ
കൈവരികൾ തകരുകയും
സ്പാനുകൾ ഒടിയുകയും ചെയ്ത പാലത്തെ
മെയിന്റനൻസ് ചെയ്യാൻ
നമ്മൾ തുനിയാത്ത കാരണമായിരിക്കും
കാലം പുതിയ പ്രണയങ്ങൾ തേടിപ്പോയത്

കാലത്തിന് അതിവേഗംതന്നെ
കുതിച്ച് പാഞ്ഞു കൊണ്ടിരുന്നല്ലേ പറ്റൂ ...

ഒന്നും ചുരുക്കിപ്പറയരുത്

'ഒരു ശകടവും 
അതിലെ യാത്രക്കാരും 
അതിലെ ജീവനക്കാരും 
അതിന്റെ യന്ത്രങ്ങളും 
അതിന്റെ പാതയും 
ഒരു ഫ്രെയിമിലേക്ക് ചുരുങ്ങിക്കാണുന്നത്‌..'
എന്നിങ്ങനെ 
വായിച്ചു തുടങ്ങുമ്പോൾതന്നെ 
ഇതൊരുത്തരാധുനിക കവിതയല്ലെന്ന് 
വിധിക്കപ്പെടും! 

എങ്കിൽ, 
'എല്ലാ ശകടങ്ങളും 
എല്ലാ പ്ലിമത്തുകളും 
എല്ലാ യാനങ്ങളും 
എല്ലാ കടകട വണ്ടികളും 
ഒരേ ദിശയിലേക്ക് മാത്രം 
സഞ്ചരിച്ചിരുന്നെങ്കിൽ;
ആരുമാരും മുഖാമുഖം കണ്ടിരുന്നില്ലെങ്കിൽ 
ഭൂമി ജനിച്ചപടിതന്നെ 
തുടരുമായിരുന്നു' എന്നെഴുതിയാൽ 
ഞാനൊരു കവിയാകുന്നുമില്ല!

കച്ചയും കളസവും 
അഴിച്ചെടുത്തെഴുതാൻ 
എനിക്കറിയില്ലല്ലോ..

വലിച്ചു നീട്ടിപ്പറഞ്ഞാൽ 
ഇരുപത്തേഴര കൊല്ലം മുമ്പേ 
ഞാൻ മരിച്ചിരിക്കുന്നു..!