Pages

Wednesday, January 8, 2014

കാട്ടു വഴിയിലൂടെ തനിച്ചു പോകരുത്!



മഴ തോർന്ന മൌനത്തിലേക്കിറങ്ങി
വിപിന വഴികളിലൂടെ ഒറ്റയ്ക്ക് പോകുമ്പോൾ ഇനിപ്പറയുന്നവ ശ്രദ്ധിക്കേണ്ടതായുണ്ട്..

ജരാനര ബാധിച്ച ഓർമ്മകൾ
കാൽവഴി ചുറ്റിക്കയറുന്നുണ്ടോയെന്ന് കുനിഞ്ഞു നോക്കണം

കലാലയത്തിലെ പഴംദിനങ്ങൾ ചിലങ്കയണിഞ്ഞ്
പിന്നിൽ വന്ന് ചുണ്ണാമ്പ് ചോദിക്കുമോയെന്ന് ഭയന്ന് നടക്കണം..

പൊഴിഞ്ഞുവീണ പ്രണയങ്ങൾ ചെറു ചെടികൾക്കിടയിൽ
കണ്ണീർ നനഞ്ഞു ദ്രവിക്കുന്നത്
കണ്ടില്ലെന്നു നടിക്കണം..

ഇലച്ചാർത്തുകളുടെ
കനത്ത വാചാലതയിൽ നിന്ന് പുതിയ കെട്ടു കഥകൾ മെനെഞ്ഞെടുക്കണം..
വെളുത്ത കരളിനു ചിന്തേരിടുന്ന കാരണങ്ങൾ വേറെയും..

ആയതിനാൽ,
ഒരു കവിക്ക്‌ വിജനമായ കാട്ടുപാത പഥ്യമല്ല!
ച്ഛന്ദസ്സുകൾ നുരയുന്ന നഗര വീഥികൾ തന്നെ സുഖപ്രദം..