Pages

Sunday, August 26, 2012

വില്പനയ്ക്ക്


ആര്‍ദ്ര മായൊരു പ്രണയത്തിന്റെ
രസഗുള നുണഞ്ഞു പൊട്ടിക്കാതിരുന്നിട്ടും
വിരഹത്തിന്റെ കരിന്തേള്‍ ദംശനമേറ്റ്
നൂറായ് പൊടിഞ്ഞൊരു
കടുംചുവപ്പ് നിറമുള്ള ഹൃദയം വില്‍കാനുണ്ട് .
ആവശ്യ മുള്ളവര്‍
നാലു ലിറ്റര്‍ കണ്ണുനീരില്‍
മഞ്ഞ മണമുള്ള മൈലാഞ്ചിയിലകള്‍
സമം ചേര്‍ത്തരച്ചു
കട്ടിയുള്ള കുഴമ്പാക്കി കൊണ്ട് തരിക;
നിങ്ങളെടുക്കുന്ന ഹൃദയം
ഇടനെഞ്ചിലുണ്ടാക്കുന്ന ഓട്ടയടക്കാന്‍.!

നിങ്ങളത് സ്വന്തമാക്കിയാലും
അതില്‍ കാണുന്ന മങ്ങിയ ചുവര്‍ ചിത്രങ്ങള്‍
മായ്കാന്‍ ശ്രമിക്കരുത് ;
അവ മാഞ്ഞാല്‍ അതിന്റെ സ്പന്ദനം നിലക്കും
എന്റെ ജീവനും .!

‎(അ)സന്തുഷ്ടി


കൊക്കയില്‍
ഞാന്‍ കുരുങ്ങിയതറിഞ്ഞു നീ
ചൂണ്ട അയച്ചയച്ചു തന്നപ്പോള്‍
ഉള്ളിലെ അപകടം അറിയാതെ
ഞാന്‍ ആസ്വദിച്ചു.,
ചത്തു കരക്കടിഞ്ഞ
എന്റെ തിളക്കം മങ്ങിയ
കണ്ണുകളില്‍ നോക്കി
ഒരു പൊന്മാന്‍
ഊറി ചിരിക്കുന്നുണ്ടാകുമെന്നു
എന്നോട് പറഞ്ഞത്
നിന്റെ ചൂണ്ടയില്‍ തൂങ്ങി ചത്ത
മറ്റൊരു കിളിമീനിന്റെ
ആത്മാവാണ് .!
എങ്കിലും ഞാന്‍ സന്തുഷ്ടനാണ്..
എന്റെ ശവ ശരീരമെങ്കിലും
നിന്നെ സന്തോഷിപ്പിക്കുന്നുണ്ടല്ലോ

മൌന മൊഴി


ഖല്‍ബുകള്‍
തമ്മിലുരസിയുണ്ടായ തീ നാളമേറ്റ്‌
ആളിക്കത്തിയ
മുളംകാട്ടില്‍ വീണ എന്റെ
വേണു ഗാനവും സ്വപ്ന നിറങ്ങളും
കരിഞ്ഞു പോയി..
സ്വസ്ഥത നഷ്ടപ്പെട്ട
എന്റീയുടല്‍ ജഹന്നമിലെക്കോ
ജന്നത്തിലെക്കോ എന്നറിയാതെ
ഉരുളുന്ന പൂക്കാലത്തിനൊപ്പം
യാന്ത്രികമായി
ചലിച്ചു കൊണ്ടേ യിരിക്കും
എങ്കിലും
ഈ അവസാന വരികളും കുറിച്ച്
ഞാനെന്റെ തൂലിക
മുനിഞ്ഞു കത്തുന്ന
മുളം തണ്ടുകള്‍ക്കിടയിലേക്കെറിയുന്നു ..
ഇവിടെയിനി
പുതിയ വരികള്‍ക്ക് ജന്മമില്ല..
എല്ലാം എരിഞ്ഞടങ്ങിയ
ചിതയില്‍ നിന്നെടുത്ത
ഒരു പിടിയോര്‍മ്മകള്‍
മൂടിക്കെട്ടിയ ഒരു മണ്‍കുംഭം മാത്രം
എനിക്ക് കൂട്ടായിരിക്കും.,
കഫന്‍ പുടയുടെ അഗ്രങ്ങള്‍
ബന്ധിക്കപ്പെടുന്നത് വരെ..