Pages

Sunday, January 15, 2012

ഒരു ലോട്ടറി കഥ



ഹൌ.. എനിക്കൊരു ലോട്ടറി അടിച്ചു... ഒരു കോടി...!
കോടി എന്ന്  വെച്ചാല്‍... ദ്രവിച്ച ഓര്‍മ്മകളില്‍ കാണുന്ന പഴയ തറവാടിന്റെ മച്ചകം കോണ്‍ തിരിക്കിന്ന കഴുക്കോലുകളുടെ ഉദരവും പേറി ഞാനെന്ന ഭാവത്തില്‍ നില്‍കുന്ന.. വീട്ടിയിലോ കരിമ്പനയിലോ കടഞ്ഞെടുക്കുന്ന ആ കോടിയല്ല...
ഇത് സാക്ഷാല്‍ കോടി.. ഒരു കോടി ദിര്‍ഹം..!!
ഇന്നത്തെ വിനിമയ നിരക്ക് വച്ച് നോക്കിയാല്‍ പതിനാലരക്കോടി ഇന്ത്യന്‍ രൂപ..!!
എന്റമ്മേ... പക്ഷെ ഞാന്‍ ബോധരഹിതനായില്ല... കാരണം എനിക്കൊരു മനസ്സുണ്ട്, അതിനു നല്ല കട്ടിയും..
ഏതു കൊടുംകാറ്റിലും ഉലയാത്ത പാറ പോലെ ഉറച്ചു നില്‍കുന്ന പിടിച്ചാല്‍ പിടിച്ചിടത്തു കിട്ടുന്ന ഒരു തങ്കപ്പെട്ട മനസ്സ്..!
എന്നാലും ഞാന്‍ വികാര ധീനനായി എന്നുള്ളത് നേര്... നയനങ്ങളില്‍ സന്തോഷാശ്രു പൊടിയുകയും ചെയ്തു..
        വളരെ ഭുധി പരമായി കാര്യങ്ങള്‍ നീക്കേണ്ടതുണ്ടെന്നു മനസ്സില്‍ ഉറപ്പിച്ചു.. കാരണം ഒന്നും രണ്ടുമല്ല പതിനാലരക്കൊടിയാണ്  കയ്യില്‍ വന്നു ചേര്‍ന്നിരിക്കുന്നത്..! 
സ്വപ്നത്തില്‍ എന്നും മുന്‍പന്തിയിലുള്ള ഇരുചക്ര വാഹനം ഹാര്‍ലി ഡവിട്സന്‍ ഒന്ന് വാങ്ങിക്കണം.., വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി ഒരു ഓഡി എക്സ് സിക്സും.., പിന്നെ നിലവിലുള്ള ഫോര്‍ഡിന്റെ ഫോര്‍വീല്‍ പിക്കപ്പ് ഒന്ന് പൊടിപ്പും തൊങ്ങലും വച്ച് പുതുക്കി പണിയണം.., 
വീട്..അതങ്ങനെ തന്നെ നില്‍കട്ടെ... അല്ലെങ്കിലും മരിച്ചു പോവാനുള്ള നമ്മളൊക്കെ വലിയ സൌധങ്ങള്‍ ഉണ്ടാക്കിയിട്ടെന്തു കാര്യം..? എന്നാലും ചെലാനി മലയിലെ റബര്‍ തോട്ടത്തില്‍ ഒരു സന്ദര്‍ശക സത്രം പണിയണം.. അവിടെയിരുന്നു മനോഹരമായ താഴ്വാരം കണ്ടു കഥയും കവിതയും എഴുതാല്ലോ..
ഇത് വരെ നേരില്‍ കണ്ടിട്ടില്ലാത്ത സ്വപ്നങ്ങളില്‍ എന്നും സംവദിക്കാറുള്ള തോഴിയുമൊത്ത്...ഡിംഗ്.. ഡിംഗ്..ടിം...!
പിന്നെ..  ചെറിയച്ഛന്‍ മാരുടെയും അമ്മാവന്മാരുടെയും ചേര്‍ത്തു പത്തിരുപതു പെങ്ങന്മാരുണ്ട്.. എല്ലാവരെയും ആഡംബര പൂര്‍ണ്ണമായി തന്നെ കെട്ടിച്ചു വിടണം.. ഓരോരുത്തരുടെയും കല്യാണത്തിനുമൊപ്പം പാവപ്പെട്ട മറ്റൊരു പെണ്‍കുട്ടിയുടെ കൂടി വിവാഹം നടത്തികൊടുക്കണം... ദൈവം തരുന്നത് നമ്മള്‍ മാത്രം അനുഭവിക്കുന്നത് ശരിയായ പ്രവണതയല്ലല്ലോ... എന്നാലും ഉണ്ട് ബാക്കി..ഇഷ്ടം പോലെ.. ഇനിയെന്ത് ചെയ്യും... ഈശ്വരാ.. പണം കൂടുതല് തന്നും നീ പരീക്ഷിക്കാരുണ്ടല്ലേ...
    പൊതുവേ യാത്രകള്‍ ഇഷ്ടമുള്ള എനിക്ക്... ലോകത്തിന്റെ പല ഭാഗങ്ങളിലും ഇനിയും കണ്ടിട്ടില്ലാത്ത ഒരുപാട് സന്ദര്‍ശക കേന്ദ്രങ്ങള്‍ ഉണ്ട്.., അവിടെയൊക്കെ ഉല്ലസിച്ചു ചുറ്റിക്കറങ്ങാം... പിന്നെയും ബാക്കിയുണ്ടാവും..
    എല്ലാ ബാധ്യതകളും സ്വപ്നങ്ങളും കഴിയുമ്പോള്‍ പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ ഒരാശ്രമം തുടങ്ങണം.., അതുവഴി വീണ്ടും കോടികള്‍ ഉണ്ടാക്കാമല്ലോ.. അങ്ങനെ വീണ്ടും സ്വപ്നങ്ങളും ആവശ്യങ്ങളും ഉണ്ടാകും-കോടികളും...
ഭൂമിയില്‍ ആര്‍ത്തുല്ലസിച്ചു നടക്കണം.. ഇത് വരെ എന്നെ പരീക്ഷിച്ച ദൈവത്തെ ദൈവം പോലും അറിയാതെ കബളിപ്പിക്കണം..
           കൊരുത്തു തീരാത്ത സ്വര്‍ണ്ണ മാലികയില്‍ സ്വപ്നത്തിന്റെ പവിഴ മുത്തുകള്‍ ഇനിയും ചേര്‍കാനുണ്ട്... , ഞാന്‍ മൊബൈലില്‍ വന്ന സന്ദേശം ഒന്ന് കൂടി വായിച്ചു നോക്കി.. 
അതെ.. സത്യമാണ്.. ഒരു കോടി ദിര്‍ഹം നേടിയിരിക്കുന്നു... വിശദ വിവരങ്ങള്‍ക്ക് ദോണ്ടേ.... ഈ നമ്പരിലേക്ക് (+25262007105) വിളിക്കണം എന്നാണു നിര്‍ദേശം..
ഞാന്‍ ആ നമ്പരിലേക്ക് വിളിച്ചു..മറുതലക്കല്‍ ഫോണ്‍ എടുത്തിട്ടുണ്ട്.. ഞാന്‍ ഹലോ പറഞ്ഞു..മറുപടിയില്ല, പകരം തിളക്കാത്ത എണ്ണയിലേക്ക് പപ്പടം ഇട്ട പോലത്തെ ഒരു ശബ്ദം മാത്രം..(പട്ടിക്കു വയറിളക്കം പിടിച്ചപോലെ എന്നും പറയാം) അതും പത്തു നിമിഷങ്ങള്‍ മാത്രം.. ഡിസ്കണക്റ്റ് ആയി... ഞാന്‍ വീണ്ടും വിളിച്ചു...
ഇപ്പോള്‍ കേട്ടത് താങ്കള്‍ക്കു മതിയായ ബാലന്‍സ് ഇല്ല എന്നായിരുന്നു.. ഈശ്വരാ.. ഇന്നലെ നൂറു ദിര്‍ഹംസിനു പുനരുദ്ധാരണം നടത്തിയതാണ് അകൌന്റ്റ്‌... പിന്നെ എവിടെയും വിളിച്ചിട്ടില്ല.. ആ കാശൊക്കെ എവിടെ പോയി...
    ഉടനെ ഉപഭോഗൃത സഹായ കേന്ദ്രത്തില്‍ വിളിച്ചു(കസ്റ്റെമാര്‍ കെയര്‍ എന്നും ചിലര്‍ പറയാറുണ്ട്)... അവിടുന്ന് ഒരു കിളി ശബ്ദം ഇങ്ങനെ മൊഴിഞ്ഞു.."സര്‍.. ഇത് ആഫ്രിക കേന്ദ്രീകരിച്ചുള്ള ഒരു തട്ടിപ്പ് സംഘത്തിന്റെ പണിയാണ്..അതിനെതിരെ ഞങ്ങള്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് സര്‍.. സാറിനു വന്ന ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു സര്‍.."
വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്..
മരവിച്ചു പോയ കയ്യില്‍ നിന്നും ഫോണ്‍ താഴെ വീണില്ല... കാരണം എന്റെ മനസ്സിന് കട്ടിയുണ്ടല്ലോ...
അത് തന്നെ മഹാ ഭാഗ്യം....!!

     ഹനീഫ് കാളംപാറ