Pages

Tuesday, February 21, 2012

വഴിവിളക്ക്


പൂര്‍ണ്ണ വിരാമമില്ലാതെ 
നീളുന്ന വഴിയിലൊരു 
ആശ്ചര്യ കുത്തുപോലെ നീ..
നീ സാക്ഷി.!
മാമാലകള്‍ക്കപ്പുറത്ത് 
ഋതുവിന്റെ കുളിര്‍ തേടിപ്പോകുന്ന
ദേശാടനപ്പറവകളുടെ
കളകളാരവങ്ങള്‍ക്ക്  ;  
കശാപ്പുകാരന്റെ ബലിഷ്ഠ-
കരങ്ങളില്‍ തിളങ്ങുന്ന 
കത്തിയിലേക്കുറ്റു നോക്കുന്ന,
കരയുന്നൊരറവു മാടിന്റെ 
ദൈന്യതക്ക് ;
അമ്മയുടെ മാറില്‍നിന്നമൃത്
മൊത്തിക്കുടിച്ചാ-
ര്‍ജ്ജവം നേടി 
ധൃടഗാത്രനായൊരു ശ്വാനന്‍,
പിന്നൊരു നാള്‍ 
അമ്മയെ തല്ലിതലപൊളിക്കും 
ഭയാനതക്ക് ;
സ്വകാന്തന്റെ ശയനമുറി 
വെടിഞ്ഞപരന്റെ 
മേനിയില്‍ 
ഉപ്പുനീരു നക്കും
അബലയുടെ കേളിക്ക് ;
ധനികന്റെ ശയ്യക്കിടക്കയില്‍ 
ജീവ ശ്വാസത്തിന് കേഴുന്ന 
കമനിയുടെ 
രോദനങ്ങള്‍ക്ക്‌ ;
ഒത്തിരി സമ്മതപത്രങ്ങള്‍ 
ഒക്കത്ത് വച്ച് 
ഒരു തൊഴിലിനായലയും
യുവതയുടെ 
ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ;
പ്രേമ പരവശതയില്‍
നിയന്ത്രണം വിട്ട 
മമ ശകടത്തില്‍ 
നിന്നുയര്‍ന്ന 
ചക്ര ശ്വാസങ്ങള്‍ക്ക്.,
ഒക്കെയും നീയശ്രുസാക്ഷി.!
നിന്റെയുടലിന്നു താഴെ 
വിദൂരതയിലേക്ക് 
നീളുന്ന രജപാതകള്‍ ,
നിസ്വരുടെ തേങ്ങലുകള്‍ ,
വാഴ്വിന്‍ വിലാപങ്ങള്‍.
നിനക്കായ് കാഴ്ചകളൊരുക്കി 
ഋതുക്കളിനിയും വരും 
അത് വരെ 
ഞാനീ അത്താണിക്കല്ലിലൊ-
ന്നിരിക്കട്ടെ
ചുടുനിശ്വാസം പൊഴിക്കട്ടെ.