Pages

Friday, November 29, 2013

:'(


ഓരോ ഖബറുകളും
ഓരോ മുന്നറിയിപ്പാണ്...

"എത്ര അഹങ്കരിച്ചെന്റെ
നെഞ്ചത്ത് നീ ചവുട്ടിയാലും
നിന്നെ ഞാനൊതുക്കു"മെന്ന
ഭൂമി മാതാവിന്റെ
മുന്നറിയിപ്പ്...!!

ഗോസിപ്പ്


അവർ പറയുന്നു
ഞാനൊരു കാമുകനാണെന്ന്,
ഞാൻ പറയുന്നു അല്ലെന്ന്!

പ്രിയമുള്ളവരേ..

കാമുകനാവുകയെന്നാൽ,
ചുഴലിക്കാറ്റിനെ
ഹൃദയംകൊണ്ട് പിടിച്ചു നിർത്താൻ
കഴിവുണ്ടാവുക എന്നാണ്

തിരമാലകളെ, അവയുടെ സൗമ്യതയിൽ നിന്ന്
രൗദ്രത യിലേക്ക് പറഞ്ഞയക്കാൻ
മന:ശക്തി യുണ്ടാവുക എന്നാണ്

കാമുകനാവുകയെന്നാൽ,
നെല്ലിനെ പതിരാക്കിമാറ്റാനും
വെളുത്ത വെയിലിനെ
പ്രഭാതത്തിലേക്ക് മടക്കിയയക്കാനും
പുഴകളെ മുകിലിലേക്ക് തിരിച്ചൊഴുക്കാനും
ശേഷിയുണ്ടായിരിക്കുക എന്നാണ്

ഭാഗ്യവശാൽ എനിക്കിവയില്ല!

അവർ പറയുന്നു
പ്രണയത്തിന് പ്രചരണം വേണ്ടെന്ന്,
ഞാൻ പറയുന്നു വേണമെന്ന്!

സുഹൃത്തുക്കളേ..

ഒരു മഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ
പ്രചരണം വേണ്ടയോ!?

ട്വന്റി ട്വന്റിക്ക് ശേഷം എഴുതപ്പെടാവുന്ന ഒരു കവിത..


ചരിത്രപാഠപുസ്തകത്തിലെ 
'പുഴ'യെന്ന അദ്ധ്യായം 
എത്രാവർത്തിച്ച് വായിച്ചിട്ടും 
ഒന്നും മനസ്സിലാകാത്ത 
മോൾക്ക് വേണ്ടിയാണ് 
ഞാനീ കളിക്കോപ്പ് കടയിൽ 
ചാലിയാറിനും,
പെരിയാറിനും,
നിളക്കും 
ഓർഡർ കൊടുത്ത് 
കാത്തിരിക്കുന്നത് 

അവളെങ്കിലും 
പഠിച്ച് മിടുക്കിയാവട്ടെ!

അർത്ഥശൂന്യമൊരു ചോദ്യം!

കടൽകാറ്റിനെ ഭയന്നേയില്ല വന്നുവിളിച്ചപ്പോഴൊക്കെ കൂടെപ്പോയി 


തേന്മാവ്‌മുല്ലവള്ളിയെ നിരസിച്ചേയില്ല അടുത്ത് കണ്ടപ്പോഴൊക്കെ അണച്ച് പിടിച്ചു 


നീമാത്രം തഴയുന്നു! 


യൂക്കാലിപ്റ്റ്സിന്റെത്, മാവിന്റെത്, പ്ലാശിന്റെത് എന്നിങ്ങിനെ ഒരിലയേയും വേർതിരിച്ചില്ല ഊടുവഴി; വന്നുചേർന്നതിനെയൊക്കെ മാറത്ത് കിടത്തി 


നീമാത്രം വേർതിരിക്കുന്നു!


ആളിപ്പടരാൻ കാട്ടുതീ സമയമെടുത്തേയില്ല പ്രണയമേ.. നീമാത്രമെന്തിങ്ങിനെ മുനിഞ്ഞു കത്തുന്നു..!?