Pages

Thursday, March 7, 2013

സ്വപ്നമുറിയില്‍ നിന്ന്...


ഇതെന്‍റെ
കത്തിത്തീര്‍ന്ന
ഹൃദയത്തില്‍ നിന്ന് പൊങ്ങുന്ന
അവസാനത്തെ പുകയാണ്!
ഇതെന്‍റെ
വളഞ്ഞ മഷിത്തണ്ടില്‍ നിന്നുള്ള
അവസാനത്തെ ശര്‍ദ്ധിലാണ്!
ഇത്
ഞാന്‍ എനിക്ക് വേണ്ടിയെഴുതുന്ന
അവസാനത്തെ വരികളാണ്!

ശാരികേ..
ഒടിഞ്ഞു തൂങ്ങിയ
നിലാവിന്‍റെ ചീളുകള്‍ പെറുക്കി
അവന്‍റെ മടിയില്‍ കിടന്നു
പഴംകഥകള്‍ പറയുമ്പോള്‍
നീ എന്നെ വര്‍ണ്ണിക്കുന്നതെന്തായിരിക്കും?
ബുദ്ധി ശൂന്യനായ സുഹൃത്തെന്നോ?
അതോ നഷ്ടപ്പെട്ട സൗഭാഗ്യമെന്നോ?

പ്രിയേ...
മറക്കാനാവാത്തത് കൊണ്ട്
മറയുകയാണ്!
എന്നെയും നിന്നെയും
പരിചിതമല്ലാത്ത
മറ്റൊരു കാലത്തേക്ക്;
ഓര്‍മിക്കണമെന്നോ
കാണാമെന്നോ പറയാതെ!

പേമാരിയില്‍
തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍റെ
ഒടുക്കത്തെ വിലാപമാണിത്,
ഈ വരികള്‍ക്കിനി
തുരുത്തുകളില്ല
ഒരു പിടച്ചില്‍ മാത്രം!

നിറുത്തുന്നു സഖേ...
ഈ തൂലികയിലെ
അവസാനത്തെ തുള്ളിയും
നിനക്ക് വേണ്ടി വറ്റിച്ചിരിക്കുന്നു,
ഞാന്‍ ഞാനല്ലാതാവുന്നു!

3 March

എഫ് ബി കവി



കുടിച്ചു വറ്റിച്ച
കുപ്പികളില്‍ നിന്നും
അവസാനം പൊങ്ങിയ ആവിയും
ഉള്ളിലാക്കി
രണ്ടു ലാര്‍ജ് വാളുവെച്ചു തള്ളിയിട്ടെ
അവളുടെ പ്രൊഫൈല്‍
തുറക്കാറുള്ളൂ ..

ഒന്നും രണ്ടും പറഞ്ഞു
തെറ്റുന്നതും
മൂന്നും നാലും പറഞ്ഞു
മിണ്ടുന്നതും
അഞ്ചും ആറും പറഞ്ഞു
ഡിങ്കോഡാല്‍ഫി ആടുന്നതും
സ്വപ്നം കാണും;
ബോധം മറയുന്നത് വരെ..

കാലത്ത് വരുന്ന തൂപ്പുകാരന്‍
അമ്മക്കാണോ
അപ്പനാണോ
കൂടുതല്‍ വിളിക്കുന്നതെന്ന
സംശയത്തിലാണിപ്പോള്‍!..

26 February

:O

ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിലെ ഓരോ ചുവടുവെപ്പിലും കാലിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ചെറുകല്ലുകളെയും കരിയിലകളെയും വിസ്മരിക്കരുത്!

കൈപ്പുണ്ണ്യം


സ്ത്രീജന
സംരക്ഷണത്തെ പറ്റി
നാല് വരികളെഴുതി
ഗ്രൂപ്പായ ഗ്രൂപ്പുകളിലെല്ലാം ഒട്ടിച്ച്
'ലൈക്കമാന്റി'ല്‍
ഒന്നാമതെത്തിയ സന്തോഷത്തില്‍ ;
സ്വന്തം മതിലിനു മുകളില്‍ കയറിയിരുന്നു
പച്ച കത്തിച്ച പെണ്ണുങ്ങളുടെ
ഇന്‍ബോക്സിലേക്ക്
ഓരോ ഞൊട്ടയിട്ടു.

ചിരിച്ചു കാണിച്ചവരോട്‌
കഞ്ഞി വെന്തതും
കുറി പിരിച്ചതും അന്വേഷിച്ചു;
മറുപടി തരാത്തവളുടെ
'ഇല്‍പെട്ടി'യിലേക്ക്
റോക്കറ്റ് പോലെ വിട്ട കവിതകള്‍ക്ക്
ബുക്കറെ പ്രൈസ്
കാത്തിരിക്കുകയാണിപ്പോള്‍!
(ബുക്കറെ പെങ്ങള്‍ ആയിരുന്നു അത്!)

'അവന്റൊടുക്കത്തെ കൈപ്പുണ്ണ്യം'
എന്ന ശീര്‍ഷകത്തില്‍,
വരികള്‍ ശോഷിച്ച
ഒരു കവിതകൂടി
നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
-Haneef

13 February

ഓട്ടോഗ്രാഫ്


"എന്താണിന്നലെ വരാഞ്ഞ"തെന്ന
വിജയന്‍ മാഷിന്റെ
ഘനഘാംഭീര്യമുള്ള ചോദ്യത്തിന്
വളച്ചു കെട്ടില്ലാതെ മറുപടി കൊടുക്കാതായപ്പോള്‍
ചന്തിയില്‍
മൂന്നു വളഞ്ഞവരകള്‍ പിറന്നു!

മൂക്ക് പിഴിഞ്ഞും
കെറുവിച്ചും
വീട്ടിലെത്തിയപ്പോള്‍
"നിനക്കത് വേണം,
കള്ളത്തരം കാണിച്ചിട്ടല്ലേ"യെന്ന്
പെങ്ങളുടെ പരിഹാസം.

ദുഃഖവും ദേഷ്യവും സമ്മിശ്രമായി
കവിളത്തൊരു കടല്‍ തീര്‍ത്തപ്പോള്‍
ഉമ്മയുടെ കൈവെള്ളയില്‍
മുഖം പൊത്തി..

നനുത്ത ചുണ്ടുകള്‍
നെറുകയില്‍ തലോടുമ്പോള്‍
എന്റെ ലോകത്ത്
പുളിവടിയോ, ചിരികോട്ടലോ ഇല്ലായിരുന്നു;
ഞാനും വാത്സല്യവും മാത്രം!

7 February

ഒരുരപ്പുമില്ലാതെ..

 ഉണ്ടായിരുന്നെന്നതിനു 
ബാക്കി വച്ച അടയാളങ്ങളും പിന്‍വലിച്ച്,
നാളെ വരുമെന്നൊരുറപ്പും നല്‍കാതെ;
സൂര്യന്‍ അസ്തമിച്ചിരിക്കുന്നു.

വരാനിരിക്കുന്ന ജീവിതത്തിന്റെ
മഹാ ദൈന്യതയെക്കുറിച്ച് യാതൊരു ബോധവുമില്ലാതെ,
പരസ്പരം കൂകി വിളിച്ചും
മണല്‍ വാരിയെറിഞ്ഞും രസിച്ചിരുന്ന കുട്ടികള്‍
കളമോഴിഞ്ഞിരിക്കുന്നു.

നാളെയും നിലനില്‍ക്കുമെന്നുറപ്പില്ലാത്ത പ്രണയത്തിന്റെ
ഹൃസ്വാസ്വാദകര്‍;
ആവുന്നത്ര കെട്ടിപ്പിടിച്ചും ഉമ്മവചും
നിറഞ്ഞാടിയ മരച്ചുവടുകള്‍
നിശബ്ദമായിരിക്കുന്നു.

കഴിഞ്ഞതെല്ലാം
ഏതോ മായാജാലക്കാരന്റെ
ചെപ്പടി വിദ്യകള്‍ പോലെന്ന് നെടുവീര്‍പ്പിട്ടു
കാഴ്ചക്കാരായ വൃദ്ധ ദമ്പതികളും
തിരിച്ചു പോയിരിക്കുന്നു.

എന്റെ,
ചുവപ്പും മഞ്ഞയും കവര്‍ന്നെടുത്ത
നിശാപുഷ്പം മാത്രം വിരിഞ്ഞു നില്‍ക്കുന്നു,
തിരകളുടെ കപട സംഗീതത്തില്‍ ലയിച്ച്.

ഉണങ്ങിയ
എന്റെ ഹൃദയം അവളുടെ കാല്‍ക്കീഴില്‍ വച്ച്
ഞാനും തിരിച്ചു നടക്കുന്നു..
നാളെ വരുമെന്നുറപ്പില്ലാതെ..

2 February

ഡ്രാക്കുള


ബ്രാം സ്റ്റോക്കറുടെ കഥയില്‍നിന്നല്ല,
ഫെയ്സ്ബുക്കിലെ
ഏതോ മൂലയില്‍ നിന്നാണവള്‍
പല്ലും നഖവും കൂര്‍പ്പിച്ചുവന്നത്.

കുഞ്ഞമ്മാവന്‍
വെറ്റിലക്കൊടി നുള്ളുന്നത് പോലെ
ആദ്യമവളെന്റെ ഹൃദയം നുള്ളിയെടുത്തു,
ധമനികളില്‍ക്കൂടി പുറത്തേക്കൊഴുകിയ
എല്ലാ ഇഷ്ടങ്ങളും അവള്‍ തന്നെ
മൊത്തിക്കുടിച്ചു,
നുരഞ്ഞു പൊന്തിയ സ്നേഹക്കുമിളകള്‍
അവള്‍തന്നെ തുടച്ചെടുത്തു.

എല്ലാം കഴിഞ്ഞപ്പോള്‍
കൊള്ളയടിക്കപ്പെട്ട ബേങ്ക് ലോക്കര്‍ പോലായ
എന്റെ ഹൃദയം
തിരികെത്തന്നവള്‍ മൊഴിഞ്ഞു
"നമ്മള്‍ പരിചയപ്പെട്ടിട്ടില്ലെന്നു
കരുതിക്കൂടെ?, എന്നെ മറന്നൂടെ!?"

"ഇവിടിനി ആരെങ്കിലും പണയംവെക്കാന്‍ വരുമോ?"
എന്നൊരു ചോദ്യം തൊണ്ടയില്‍ കുരുങ്ങി,
ഒരു മൗസ് ക്ലിക്കിനപ്പുറത്തേക്ക്
ഞാന്‍ ഒഴിവാക്കപ്പെട്ടു..

:(

ഇതളുകള്‍ക്കുള്ളില്‍ കട്ട പിടിച്ചിരിക്കുന്നത് പൂമ്പൊടിയല്ല, ഹൃദയം പൊടിഞ്ഞടര്‍ന്ന രക്തത്തുള്ളികളാണെന്നു വിളിച്ചു പറഞ്ഞിട്ടും ചെവി കൊടുക്കാത്ത വണ്ട്‌ മറ്റൊരു പൂകാലം തേടി യാത്രയായീ...