Pages

Tuesday, June 5, 2012

ഒളിഞ്ഞു നോട്ടം

ചൊറിയുന്നിടത്തേക്ക്    
കയ്യെത്തുമ്പോഴേക്കും
ഓടി മറയുന്ന പ്രാണിയെ പോലെയാണ്
നിന്റെ കണ്ണുകള്‍ .,

പെരുവിരല്‍ കൊണ്ട്
ചിത്രം വരയുമ്പോള്‍
നിന്റെ മുഖത്തു വിരിയുന്ന
ഭാവ മാറ്റങ്ങള്‍
ഞാന്‍ കാണാതെ പോകുന്നില്ല.

അപരിചിതത്വം
മാറ്റാനെങ്കിലും ഒന്നടുത്തു വരൂ.
.
നമുക്കീ കരിഞ്ഞുണങ്ങിയ
മരങ്കോമ്പിലിരുന്നു
പഴങ്കഥകള്‍ പറയാം..

മജുനൂകളെ പറ്റിച്ച
ലൈലമാരുടെ കഥകള്‍ !

നിര്‍വ്വാഹകരോട്


പതപ്പിച്ചു പതപ്പിച്ചു
പതം വരുത്തിയ
എന്റെ ചിന്തകള്‍
ഇനി നിങ്ങള്‍ തെളിച്ച
വഴിയേ
നടന്നു കൊള്ളും
വായ്പാട്ട് കൊണ്ട്
മുള്ളിനെ പൂവാക്കാനും
രാവിനെ പകലാക്കാനുമുള്ള
നിങ്ങളുടെ കഴിവുകളെ
ഞാനിന്നലെ മുതല്‍
ബഹുമാനിച്ചു തുടങ്ങി..
പ്രത്യക്ഷമായ ശാസ്ത്രമല്ല
പ്രത്യയ ശാസ്ത്രമെന്നും
സുവ്യക്തമായ വിശേഷമല്ല
സുവിശേഷമെന്നും
മനസ്സിലാക്കിയത് കൊണ്ട്
ഇനിയുള്ളെന്‍ ചലനങ്ങള്‍ ബുദ്ധിജീവികള്‍ പടച്ചു വിട്ട
യന്ത്രം പോലായിരിക്കും
നിര്‍ദ്ദോഷമായ
വിസര്‍ജ്ജനത്തിലെങ്കിലും
അല്പം ധീരത കാട്ടാന്‍
എന്നെ അനുവദിക്കൂ
പ്രിയരേ.. 

കൊട്ടേഷന്‍


 ഇന്നലെ സ്വപ്ന സഞ്ചാരി
ഏറ്റെടുത്ത ദൌത്യ നിര്‍വ്വഹണത്തിന്
സ്വര്‍ഗത്തിലെത്തി .നായയോട് പിണങ്ങിയ
പട്ടിയെ കൊല്ലാന്‍
പൂച്ചയുടെ വകയാണ് കൊട്ടേഷന്‍ !
"പട്ടി പിണങ്ങിയിടത്തു
പൂച്ചക്കെന്തു കാര്യം ?"
എന്ന് തിരക്കിയില്ല
ദൌത്യമാണ് പ്രധാനം .,
സ്വര്‍ഗീയ രാവിന്റെ മറവില്‍
താരകപ്രഭയില്‍ മിന്നി നില്‍കുന്ന
പട്ടി ഗ്രാമത്തിലെത്തി.
അന്തിയുറക്കത്തില്‍ നിന്നുണര്‍ത്താന്‍
നായയെ കൊണ്ട് വിളിപ്പിച്ചു..
അരമനയില്‍ നിന്ന്
വെളിയിലിറങ്ങിയ പട്ടിയെ
പിന്നില്‍ നിന്ന് വെട്ടി .,
ഒരു തുണ്ടവും നാല് ഉപ തുണ്ടങ്ങളും!!
കൃത്യ നിര്‍വഹണത്തിന്റെ
സന്തര്‍പ്പണത്തില്‍
തിരിഞ്ഞു നടക്കുമ്പോള്‍
പിന്നില്‍ നിന്നും പട്ടി സ്വരം !
"ഇത് സ്വര്‍ഗമാണുണ്ണീ , ഇവിടെ മരണമില്ല"
വൃഥാമതിയായ്‌ നടന്നകലുന്ന
സഞ്ചാരിയുടെ പിന്നില്‍
പൂര്‍വ്വാധികം ശക്തി നേടിയ
പട്ടികളുടെ ജല്പനങ്ങള്‍
അരങ്ങു തകര്‍ക്കുന്നു..