Pages

Sunday, December 2, 2012

ശീര്‍ഷകം(നിര്‍ദേശിക്കുക)


പ്രണയ സമൃദ്ധിയുടെ കാലത്ത്
കളി ചിരികള്‍ക്കിടയില്‍
പറയാനാവാതെ ഉള്ളില്‍ കുരുങ്ങിയ വാക്കുകള്‍
പഴുത്തു തിണര്‍ത്തു
കണ്ഠത്തിനുള്ളില്‍ ഒരു വ്രണമായ് രൂപപ്പെട്ടിരിക്കുന്നു.

അതിനുള്ളിലെ വിങ്ങലകറ്റാന്‍;
നിന്റെ ചുണ്ടുകള്‍ കൊണ്ടെന്റെ നെറ്റിയിലൊരു മന്ത്രം ജപിക്കൂ..
മിഴിനാരു കൊണ്ടെന്റെ കവിളിലൊരു വൃത്തം വരക്കൂ...
വിരല്‍ തുമ്പു കൊണ്ടെന്റെ കഴുത്തില്‍ ലേപനം പുരട്ടൂ..
ഇനിയുള്ള നാളെകള്‍ നിന്റെതാവട്ടെ..

ഞാന്‍ കൃതാര്‍ത്ഥനാണ്


കെട്ടിയാടിയ വേഷങ്ങളില്‍ നിന്നൊന്നും
വേണ്ടത്ര പ്രതിഫലം കിട്ടാത്തതു കൊണ്ട്
ഇന്നലെ മുതല്‍ ഞാന്‍ വേഷം മാറ്റി.
വാല്‍ മുതല്‍ ഉച്ചിവരെ സ്നേഹം വമിക്കുന്ന
ഒന്നാന്തരമൊരു പട്ടിയുടെ വേഷം.

ഇപ്പോള്‍ ഞാന്‍ കൃതാര്‍ത്ഥനാണ് !

അലക്ഷ്യമായ നടത്തത്തിനിടയില്‍
കുളക്കടവില്‍ നിര്‍ഭയം നോക്കിനിന്നു.
ജാനുവിന്റെയും ശോശാമ്മയുടെയും
കദീസുവിന്റെയും കുളികള്‍
നയന മനോഹരമായിരുന്നു!

തൊടിയില്‍ നിന്നും കടയില്‍ നിന്നും
അഞ്ചെട്ടു കല്ലേറുകള്‍ കിട്ടി
കൂറ്റന്‍ മതിലുള്ളോരു വീട്ടില്‍നിന്നും
'ഐഫോണ്‍ ത്രീ' കൊണ്ടാണെറിഞ്ഞത്‌ !
(കമ്പനി അഞ്ചാം പതിപ്പ്
ഇറക്കിയതിന്റെ അഹങ്കാരമായിരിക്കും)

പരിചയം ഉള്ളവരും ഇല്ലാത്തവരും
കണ്ടാല്‍ മുഖം തിരിക്കുന്നത് കൊണ്ട്
കൂടുതല്‍ സ്വസ്ഥത ലഭിക്കുന്നുണ്ട്.

കവലയില്‍ വച്ച്
തെറ്റിപ്പോയ മുന്‍ കാമുകിയെ കണ്ടു-
നീട്ടിയൊന്നു മുരണ്ടെങ്കിലും
പഴയ പോലെത്തന്നെ
ഏതോ കൊടിച്ചിപ്പട്ടിയെ കണ്ട
ഭാവമേ മുഖത്തുണ്ടായുള്ളൂ..

പട്ടിയാണെങ്കിലും കടിച്ചു തുപ്പിയൊരു
എല്ലിന്‍ കഷണം കിട്ടണമെങ്കില്‍
നിസ്വന്റെ കുടിലിനു പിന്നില്‍ തന്നെ ചെല്ലണം!
"വലിയവര്‍ക്കു മാത്രമേ എല്ലില്ലാത്ത ഇറച്ചി കിട്ടൂ"ന്ന്
ഇന്നലെ മായിയമ്മ പറയുന്നത് കേട്ടു.

എങ്കിലും ഞാന്‍ കൃതാര്‍ത്ഥനാണ് !

ഭരിക്കുന്നവരൊഴികെ 'ഡാ പട്ടീ'ന്നു വിളിക്കുന്നു.
എത്ര ശ്രവണാനന്ദദായകം!!
(ഭരിക്കുന്നവരുടെ മുന്നില്‍
മറ്റുള്ളവരൊക്കെ കഴുതകളാണത്രെ)

ആകാശങ്ങള്‍


കുട്ടിക്കാലത്തെ
എന്റെ ആകാശത്തിന്
നല്ല നീലിമയായിരുന്നു.

ആനപ്പാറയുടെ മുകളില്‍ കയറി
വീശിയെറിഞ്ഞ മച്ചിങ്ങകള്‍
തിരിച്ചു വീണത്‌
പുളിവെട്ടിക്കാവ് ക്ഷേത്ര മുറ്റത്ത്,
ബാല്യം കൊഴിഞ്ഞു വീണത്‌
കൗസല്യ ടീച്ചറുടെ
സാമൂഹ്യ പാഠത്തിലേക്കുള്ള
വഴികളിലും.!

കൌമാരത്തിലെത്തിയപ്പോള്‍
ആകാശത്തിനു
മഞ്ഞയും തവിട്ടും ചേര്‍ന്ന്
വെകിളി പിടിച്ചു.
കലാലയത്തിന്റെ നീണ്ട വരാന്തയില്‍
മുഷ്ടി ചുരുട്ടി നടക്കുമ്പോള്‍
പ്രണയിക്കാതിരിക്കാനും
പ്രണയിക്കുന്നവര്‍ക്കിടയില്‍
ഹംസമാവാനുമായിരുന്നു
നിയോഗം.

ഇപ്പൊഴീ
യുവത്വത്തിന്റെ ആദ്യ പടവുകളില്‍
ഞാന്‍ ആകാശമേ കാണുന്നില്ല.,
നിന്റെ മുഖവും
ദുഃഖ ഭാവവും
എന്റെ കാഴ്ചകളെ മറക്കുന്നു..
5 November at 20:38

പേട്ടു തേങ്ങയുടെ വിലാപം


ദുരിതം നിറച്ച
ഭാണ്ടക്കെട്ടും പേറി നടക്കുന്ന
ഞാനിന്നൊരു മഹാചുഴിയുടെ വക്കത്താണ്
ചുഴികളെ കുറിച്ച് നിങ്ങള്‍ക്കറിയാമായിരിക്കും .,
അല്പം മുമ്പൊരു നാള്‍
ചാലിയാറിന്റെ കോമാളിച്ചുഴികളിലൊന്നില്‍
മുങ്ങാനറിഞ്ഞിട്ടും മുങ്ങിപ്പോയ
എന്റെ പ്രിയ സഖാവ് റിയാസിനെ
നിങ്ങള്‍ക്കറിയാം .
അതി വിദഗ്ധമായി
വാഹനം ഓടിക്കാനറിഞ്ഞിട്ടും
മരുച്ചുഴികളില്‍ പെട്ട് ജീവന്‍ പൊലിഞ്ഞ
അനേകം സാഹസികരെ പറ്റിയും
നിങ്ങള്‍ കേട്ടിട്ടുണ്ടാവും .
********
ജീവിത സഖിയാക്കി കൂടെ കൂട്ടാം
എന്നുറപ്പിച്ചാണ് ഞാനവളെ
പ്രണയിച്ചു തുടങ്ങിയത് - എന്റെ കവിതയെ .,
മധുരോല്ലാസഭരിതമായ
ആദ്യ നാളുകളില്‍
റൂമിയുടെ ഗീതങ്ങളും
നിറമുള്ള ബിംബങ്ങളും
അവളെനിക്കു പകര്‍ന്നു നല്‍കി.
ഒട്ടു മിക്ക വരികള്‍ക്കും
വൃത്തമൊപ്പിച്ചത് അവളുടെ
നുണച്ചുഴികളിലൂടെയായിരുന്നു .
"നിന്നെ പോലെ അനേകായിരം
കവികളുമായി എനിക്ക്
ബന്ധമുണ്ടെ"ന്നു പറഞ്ഞവള്‍
ബന്ധത്തിന്റെ രസവ്യതിയാന
ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു..

അവളുടെ പൊക്കിള്‍ ചുഴിയില്‍
നിന്നിറങ്ങി വന്ന മറ്റാരുടെയോ വരികളാണ്
എന്നെയീ ആഴമേറിയ
കയത്തിന്റെ വക്കിലെത്തിച്ചത് ..
അകം മുഴുവന്‍ കെട്ട് പോയ
പേട്ടു തേങ്ങ പോലുള്ള ഈ ശരീരം
ഇനിയാരെങ്കിലും ഒന്ന് തള്ളുകയെ വേണ്ടൂ ,
ഞാനും എന്റെ ശരത്കാല സ്വപ്നങ്ങളും
വിസ്മ്രുതിയിലാകാന്‍....
10 September at 09:33 near Dubai

ഒരു വെട്ടം കാണാന്‍


ഇട നെഞ്ചില്‍
ചൂട് പറ്റിക്കിടക്കേണ്ട മിന്നാമിന്നി
അകന്നകന്നു പോവുകയാണ്..

രോഗോഷ്ണശയ്യയില്‍ സാന്ത്വനപ്പുതപ്പായ്
അവളുണ്ടാകുമെന്ന് നിനച്ചത് വൃഥാ..

വിനിദ്ര രാത്രികളില്‍
ഷഹനായി മൂളുന്ന താരാട്ടുമായവള്‍ വരുമെന്ന്
കൊതിച്ചതും വൃഥാ..

മഞ്ഞു കുളിര്‍ക്കുന്ന മകരപ്പുലര്‍കാലങ്ങളില്‍
നിദ്രയിലേക്ക് ചുരുണ്ട്മടങ്ങുമ്പോള്‍
കാതിലവളുടെ മൃദുമന്ത്രണം കേള്‍ക്കുമെന്നാഗ്രഹിച്ചതും വൃഥാ..

ഇപ്പോഴുമീ ഏകാന്തയാമങ്ങളില്‍
ജനലഴിയും കടന്നു ദൂരേക്ക്‌ പായുന്ന നേത്രധാരകള്‍
തിരയുന്നതൊരു മിന്നാമിനുങ്ങിന്റെ
നുറുങ്ങു വെട്ടം..!

വിരല്‍ തുമ്പു കൊണ്ടായിത്തിരിവെട്ടത്തില്‍ സ്പര്‍ശിക്കാന്‍
എത്ര നാളായ് കൊതിക്കുന്നു..

പക്ഷെ അവളകന്നകന്നു പോകുന്നു..
മൌനം മാത്രം ബാക്കിയാകുന്നു..

ചിന്തകള്‍ മരവിച്ചൊരു പാഴ്മരം
തനിച്ചീ മരുഭൂമിയില്‍ തേങ്ങുന്നു..

വഴി പോക്കരുടെ ലാളനയിലെത്ര നാളെന്നറിയാതെ..

സംപ്തൃപ്തി

രണ്ടു വരികളേ എഴുതാറുണ്ടായിരുന്നുള്ളൂ..
ഒന്ന് പൂവിനെപ്പറ്റി ,
പിന്നൊന്ന് വണ്ടിനെക്കുറിച്ച് .

ആവര്‍ത്തനം അനുവാചകരില്‍
വിരസത കൂട്ടുമെന്ന്
തിരിച്ചറിഞ്ഞപ്പോഴാണ്‌
ആഴിയുടെ ആഴങ്ങളിലെക്കും
സൂര്യചന്ദ്രനക്ഷത്രാദികളിലേക്കും
ഞാനെന്റെ വരികളെ പറിച്ചു നട്ടത്..

പ്രതിഷ്ഠ ഏതായാലും
ഉള്ളിലെ ചൈതന്യം നീയാണെന്ന്
എനിക്ക് മാത്രമല്ലേ അറിയൂ...

സ്വയംബോധം



കവികളിലുമുണ്ട് രണ്ടുതരം
ഉദ്ധാരണശേഷി ഉള്ളവരും ഇല്ലാത്തവരും.

ഉദ്ധാരണശേഷി ഉള്ളവര്‍,
മനോഹരങ്ങളായ
വരികളെ വിസര്‍ജ്ജിക്കുന്ന സമയത്ത്
അപശബ്ദങ്ങള്‍ ഉണ്ടാകുന്നേയില്ല.
ഏത് അത്ത്യുന്ന സഭകളിലും
പ്രദര്‍ശിക്കപ്പെടാവുന്ന വിധം
അതുല്ല്യ മായിരിക്കുമവ.

ഉദ്ധാരണശേഷി ഇല്ലാത്തവര്‍
പണ്ടുണ്ടായിരുന്നവരുടെ
അവശിഷ്ടങ്ങള്‍ ഏച്ചുകെട്ടി
പുതിയവ മെടഞ്ഞുണ്ടാക്കാന്‍ ശ്രമിക്കുന്നു.
ഓട്ടപ്പെട്ട പരമ്പു പോലെ
കുളിപ്പുര മറക്കാന്‍ പോലും പറ്റാത്തവ!
ശരീരം തളര്‍ന്ന പ്രമേഹരോഗിയെപ്പോലെ
ഏതെങ്കിലും ഗ്രന്ഥപ്പുരയുടെ മൂലയില്‍
ക്ലാവുപുതച്ചുറങ്ങുമവ,
ഒന്നുതലോടാന്‍ പോലുമാളില്ലാതെ.
(ഞാനുമീ അസുഖത്തിനു
മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് )

വാല്‍ക്കഷ്ണം :-
ഉദ്ധാരണശേഷി കൂടിയവര്‍
പ്രസവിപ്പിക്കട്ടെ;
അതില്ലാത്തവര്‍ക്ക്
അവരുടെ കുഞ്ഞുങ്ങളെ
തലോടുകയെങ്കിലും ചെയ്യാമല്ലോ..