Pages

Thursday, December 12, 2013

വറവ്


നാലുമണി കടുക്,
രണ്ടല്ലി ചുവന്നുള്ളി,
ഒരുനുള്ള് കറിവേപ്പില
എന്നിവ ചേർത്ത് വറുത്തെടുത്ത
എന്റെ കരൾ
അയാൾക്ക് വിളമ്പുകയായിരിക്കും
നീയവിടെ...

ശൂന്യമായൊരു
നെഞ്ചും പൊത്തിപ്പിടിച്ച്
ഇവിടൊരാളീ-
വിജനതയിൽ കുത്തിയിരിക്കുന്നുണ്ട്;
നിന്റെ
ശങ്കീരിത്തിളക്കത്തിനു സമീപം
നഷ്ടപ്പെട്ട
ഉമ്മകളെ മാത്രം ഓർത്തെടുത്ത്...!

തേട്ടം


എഴുതിയെഴുതി
തെളിഞ്ഞു വന്നപ്പോഴേക്ക്
കടലാസെല്ലാം തീർന്നു പോയി.

ഇനിയുള്ളതൊരു ഹൃദയമാണ്!

ബാക്കി വന്നെന്റെ
കനമുള്ള സ്വപ്‌നങ്ങൾ കോറിയിടാൻ
നീയത്
തുറന്നു തരേണ്ടിയിരിക്കുന്നു..

ആണുങ്ങൾക്ക് മാത്രം എഴുതാവുന്നത്


എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്നൊരു
പ്രളയത്തിന്റെ മുന്നറിയിപ്പായാണ്
മനസ്സിലോരിഷ്ടം മുള പൊട്ടുന്നത്

അത് എങ്ങനെയുമാവാം..

തുറമുഖോധ്യാനത്തിലെ
അവസാനത്തെ ബഞ്ചിൽ
തനിച്ചിരിക്കുന്ന കാറ്റിനോടാവാം

കായൽ വക്കത്തെ
വുമണ്‍സ് ഹൊസ്റ്റലിന്റെ മൂന്നാമത്തെ നിലയോളം വളർന്ന
നാടൻ മാവിന്റെ ഇലയനക്കങ്ങളോടാവാം

വിവിധ വർണ്ണങ്ങളിലുള്ള സ്വപ്നങ്ങളെ കുത്തിനിറച്ച്
വളവ് കയറുന്ന ശകടത്തെ
വഴിയരികിൽ കാത്തു നിൽക്കുന്ന വെയിലിനോടാവാം

പേച്ചു ബുക്കിലെ
മങ്ങിയ ഈറൻ താളുകളിൽ
ഒരൊറ്റ സ്മൈലിയിൽ ഒതുക്കിവച്ച
നാലുവരി കവിതയോടാവാം

എവിടുന്നായാലും
ഒരു പ്രളയത്തിന്റെ അകമ്പടിയായാണ് പ്രണയം വരുന്നത്!

കുത്തിയൊലിച്ചു പോയൊരു ഗ്രാമത്തെ പോലെ
വികലവും വിജനവുമായിരിക്കും
പ്രണയാനന്തരം ഒരാണിന്റെയുള്ളം..

?


തീർത്ഥജലമായ്
ഹൃദയത്തിലേക്കൊലിച്ചുവരുന്ന
നിന്നെയല്ലാതെ
മറ്റേതു ഗംഗയെയാണ്
ഞാനാരാധിക്കുക!?

വികസനം


മൈലാഞ്ചിക്കുന്ന്,
ചങ്ങനക്കുന്ന്,
പൂവ്വത്തിക്കുന്ന്
എന്നിങ്ങിനെ എഴുന്ന് നിൽക്കുന്ന
നിരവധി
മൂർത്തികളുണ്ടായിരുന്നു നാട്ടിൽ

ഒന്നുദിച്ചസ്ഥമിച്ചുവന്നപ്പോഴേക്കും
അവരെല്ലാം
ലോറിയിൽ കയറിപ്പോയി!

നാടാകെ മഞ്ഞ മൗനം നിറഞ്ഞ
ആ പുലരിക്ക്
"നമ്മുടെ നാടും വികസിക്കുന്നുണ്ട്!"
എന്നൊരു ശീർഷകവും
തുന്നിച്ചേർക്കപ്പെട്ടു

കാലിനടിയിൽ
മുറിഞ്ഞു പോകുന്നൊരൂർദ്ധ്വം
ഞാൻ മാത്രം കേട്ടു;
ഒരു വികസനവിരോധി!