Pages

Saturday, November 23, 2013

ഒഴുക്ക്


ചാറ്റൽ മഴയത്ത് 
ചില്ലുകളിൽ വീഴുന്ന 
തുള്ളികൾ പോലെയാണ് 
ഈ പ്രണയം 
മടിച്ചു മടിച്ചാണ് 
ഒഴുകുന്നത് 

പുഴകളിൽ 
വീഴുന്നവ പോലെ 
കുത്തിയൊലിക്കുന്നത് 
ആരുടെയാവാം!?

അനന്ത സാധ്യതകൾ


സാധാരണ സംഭവിക്കുന്നത്‌ പോലെത്തന്നെ
സൂര്യൻ കിഴക്ക് നിന്നു-
ദിക്കുന്നൊരു ദിവസം
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ
വാടിയ കപോലങ്ങളിൽ നിന്നൊരു പ്രളയം
പൊട്ടിപ്പുറപ്പെടാൻ
സാധ്യതയുണ്ട്

ആണിയടിക്കപ്പെട്ട നാവുകൾ
തൊണ്ടക്കുഴിയിൽ നിന്ന് പുറത്ത് ചാടാനും
തിരിമറി ചെയ്യപ്പെട്ട വേദ സൂക്തങ്ങൾ
അന്തരീക്ഷത്തിലേക്ക്
വെളിച്ചപ്പെടാനും സാധ്യതയുണ്ട്

അഥവാ,
ഭൂമി നെടുകെപ്പിളരാനും
സൂര്യചന്ദ്രനക്ഷത്രാദികൽ അതിലൊളിക്കാനും
സാധ്യതയുന്ടെന്നത് പോലെ
മണ്ണും മനുഷ്യനും
മുളങ്കാടിനുള്ളിലേക്ക് ഒലിച്ചു പോവാനും
ആകാശം
ഹിമശൈലത്തിലേക്ക് മാത്രം ചുരുങ്ങാനും
സാധ്യതയുണ്ട്

എന്നുവച്ചാൽ,
കാഞ്ഞ കരളുകളിൽനിന്ന്
കവിതകൾ
ശീർഷകമില്ലാതെത്തന്നെ
പുറത്തു ചാടാൻ സാധ്യതയുണ്ട്..

അത്ര തന്നെ!

ഒരു ആണ്‍ശവത്തിന്റെ ആത്മഗതം!


വലിഞ്ഞുകയറുന്നത് 
തൂങ്ങിച്ചാവാൻ വേണ്ടിത്തന്നെയായിരുന്നെന്ന് 
മനസ്സിലാക്കിയാണ് 
നീ 
ശബ്ദമില്ലാതെ പ്രോത്സാഹിപ്പിച്ചതെന്ന് 
നിന്റെയീ 
മുതലക്കണ്ണീർ കാണുമ്പോൾ 
മനസിലാവുന്നുണ്ട്,

ഒരുമ്പെട്ടവളെ!

....


വെടിമരുന്നിനും 
തീപ്പൊരിക്കുമിടക്കുള്ളൊരു 
ആകാംക്ഷ മാത്രമാണ് 
പ്രണയം..

അത് 
പൊട്ടുക തന്നെ ചെയ്യും!