കടലാദ്യം കാണുന്ന
കുട്ടിയെന്തിനിത്ര വിസ്മയ ചിത്തനായ്
നില്‍കുന്ന തെന്നറിയുമോ..
അദനത്തിനുപ്പു നല്‍കുന്ന,
ഊണിനു മീന്‍ നല്കു,ന്നിവന്റെ
കരയോടുള്ള സ്നേഹം കണ്ടതാവാം.,
അല്പാല്‍പമായ് ഇരുള്‍ പരത്തി
സൂര്യനാഴ്ന്നു പോകുന്ന
തുടുത്ത ദിശാമുഖം കണ്ടതാവാം.,
ഒത്തിരി ജീവിതമെടുത്തും കൊടുത്തും
ചരിതങ്ങളങ്ങനെ ചൊല്ലിപ്പറയുന്നീ
ഭീകരന്റെ അതിശാന്ത മുഖം കണ്ടതാവാം
കണ്ണേ മടങ്ങുക ..!
^^^^^^^^^^^^^^^^^^^^^^^^
കുഞ്ഞു കാഴ്ചകള്‍ക്കപ്പുറം
അലകളാര്‍ത്തലച്ചിന്നു
ഉച്ചശ്രുതിയില്‍ പാടുന്നുണ്ടിങ്ങനെ...
ഉച്ചശ്രുതിയില്‍ പാടുന്നുണ്ടിങ്ങനെ...
തീരഖണ്ഡങ്ങള്‍ക്കപ്പുറം വസിക്കുന്ന
തൊലി വെളുത്ത സഹജരെ..
പഴക്കം ചെന്ന നിങ്ങളുടെ ആയുധപ്പുരകളില്‍
ക്ലാവ് പുതച്ചുറങ്ങുന്ന തോക്കുകളേന്തി ;
കൂര്‍ത്ത വിഷാഗ്രമുള്ള അസ്ത്രങ്ങളേന്തി
ഞങ്ങളുടെ തീരത്തേക്ക് വരിക ..
ഉന്നം പിടിക്കുക.,നിറയൊഴിക്കുക.,
കറുത്ത ശരീരത്തിനുള്ളില്‍ വെളുത്ത മനസ്സുള്ള
നിസ്വ ജന്മങ്ങളുണ്ടിവിടെ..
എന്ത് ! ഭയമാണെന്നോ !? ആരെ ?
ഭീമന്‍ പുഴുക്കളില്‍ നിന്നുള്ള
ചിതലാക്രമണത്തില്‍ ഓട്ടപ്പെട്ടുപോയ
ഞങ്ങളുടെ നിയമ പുസ്തകത്തെയോ.?
അതിനു കാവലിരിക്കുന്ന -നിങ്ങള്‍ തന്നെ
ജനിപ്പിച്ചു തന്ന-പട്ടികളെയോ, പരിവാരങ്ങളേയോ.?
ഒട്ടും വേണ്ട
പൃച്ഛ,സുഖവാസ മാമാങ്കങ്ങള്‍-
ക്കൊടുവില്‍ ദൈവനാമത്തിലൊപ്പിട്ട
ക്ഷമാപണ പത്രങ്ങളൊപ്പിച്ചു തരും കരങ്ങളില്‍...
വരിന്‍ , വെടിവെപ്പിന്‍ , ആഹ്ലാദിപ്പിന്‍...
തിരയോട് മല്ലിടുന്ന ഞങ്ങളുടെ സഖാക്കള്‍
ന്നിങ്ങള്‍ക്ക് ചുറ്റുമുണ്ട് - ഉന്നം പിടിക്കുക
ഞങ്ങള്‍ പാടട്ടെ ...
അതിഥി ദേവോ ഭവ: