"എന്താണിന്നലെ വരാഞ്ഞ"തെന്ന
വിജയന്‍ മാഷിന്റെ
ഘനഘാംഭീര്യമുള്ള ചോദ്യത്തിന്
വളച്ചു കെട്ടില്ലാതെ മറുപടി കൊടുക്കാതായപ്പോള്‍
ചന്തിയില്‍
മൂന്നു വളഞ്ഞവരകള്‍ പിറന്നു!
മൂക്ക് പിഴിഞ്ഞും
കെറുവിച്ചും
വീട്ടിലെത്തിയപ്പോള്‍
"നിനക്കത് വേണം,
കള്ളത്തരം കാണിച്ചിട്ടല്ലേ"യെന്ന്
പെങ്ങളുടെ പരിഹാസം.
ദുഃഖവും ദേഷ്യവും സമ്മിശ്രമായി
കവിളത്തൊരു കടല്‍ തീര്‍ത്തപ്പോള്‍
ഉമ്മയുടെ കൈവെള്ളയില്‍
മുഖം പൊത്തി..
നനുത്ത ചുണ്ടുകള്‍
നെറുകയില്‍ തലോടുമ്പോള്‍
എന്റെ ലോകത്ത്
പുളിവടിയോ, ചിരികോട്ടലോ ഇല്ലായിരുന്നു;
ഞാനും വാത്സല്യവും മാത്രം!
7 February
No comments:
Post a Comment