ബ്രാം സ്റ്റോക്കറുടെ കഥയില്‍നിന്നല്ല,
ഫെയ്സ്ബുക്കിലെ
ഏതോ മൂലയില്‍ നിന്നാണവള്‍
പല്ലും നഖവും കൂര്‍പ്പിച്ചുവന്നത്.
കുഞ്ഞമ്മാവന്‍
വെറ്റിലക്കൊടി നുള്ളുന്നത് പോലെ
ആദ്യമവളെന്റെ ഹൃദയം നുള്ളിയെടുത്തു,
ധമനികളില്‍ക്കൂടി പുറത്തേക്കൊഴുകിയ
എല്ലാ ഇഷ്ടങ്ങളും അവള്‍ തന്നെ
മൊത്തിക്കുടിച്ചു,
നുരഞ്ഞു പൊന്തിയ സ്നേഹക്കുമിളകള്‍
അവള്‍തന്നെ തുടച്ചെടുത്തു.
എല്ലാം കഴിഞ്ഞപ്പോള്‍
കൊള്ളയടിക്കപ്പെട്ട ബേങ്ക് ലോക്കര്‍ പോലായ
എന്റെ ഹൃദയം
തിരികെത്തന്നവള്‍ മൊഴിഞ്ഞു
"നമ്മള്‍ പരിചയപ്പെട്ടിട്ടില്ലെന്നു
കരുതിക്കൂടെ?, എന്നെ മറന്നൂടെ!?"
"ഇവിടിനി ആരെങ്കിലും പണയംവെക്കാന്‍ വരുമോ?"
എന്നൊരു ചോദ്യം തൊണ്ടയില്‍ കുരുങ്ങി,
ഒരു മൗസ് ക്ലിക്കിനപ്പുറത്തേക്ക്
ഞാന്‍ ഒഴിവാക്കപ്പെട്ടു..
No comments:
Post a Comment