കെട്ടിയാടിയ വേഷങ്ങളില്‍ നിന്നൊന്നും
വേണ്ടത്ര പ്രതിഫലം കിട്ടാത്തതു കൊണ്ട്
ഇന്നലെ മുതല്‍ ഞാന്‍ വേഷം മാറ്റി.
വാല്‍ മുതല്‍ ഉച്ചിവരെ സ്നേഹം വമിക്കുന്ന
ഒന്നാന്തരമൊരു പട്ടിയുടെ വേഷം.
ഇപ്പോള്‍ ഞാന്‍ കൃതാര്‍ത്ഥനാണ് !
അലക്ഷ്യമായ നടത്തത്തിനിടയില്‍
കുളക്കടവില്‍ നിര്‍ഭയം നോക്കിനിന്നു.
ജാനുവിന്റെയും ശോശാമ്മയുടെയും
കദീസുവിന്റെയും കുളികള്‍
നയന മനോഹരമായിരുന്നു!
തൊടിയില്‍ നിന്നും കടയില്‍ നിന്നും
അഞ്ചെട്ടു കല്ലേറുകള്‍ കിട്ടി
കൂറ്റന്‍ മതിലുള്ളോരു വീട്ടില്‍നിന്നും
'ഐഫോണ്‍ ത്രീ' കൊണ്ടാണെറിഞ്ഞത് !
(കമ്പനി അഞ്ചാം പതിപ്പ്
ഇറക്കിയതിന്റെ അഹങ്കാരമായിരിക്കും)
പരിചയം ഉള്ളവരും ഇല്ലാത്തവരും
കണ്ടാല്‍ മുഖം തിരിക്കുന്നത് കൊണ്ട്
കൂടുതല്‍ സ്വസ്ഥത ലഭിക്കുന്നുണ്ട്.
കവലയില്‍ വച്ച്
തെറ്റിപ്പോയ മുന്‍ കാമുകിയെ കണ്ടു-
നീട്ടിയൊന്നു മുരണ്ടെങ്കിലും
പഴയ പോലെത്തന്നെ
ഏതോ കൊടിച്ചിപ്പട്ടിയെ കണ്ട
ഭാവമേ മുഖത്തുണ്ടായുള്ളൂ..
പട്ടിയാണെങ്കിലും കടിച്ചു തുപ്പിയൊരു
എല്ലിന്‍ കഷണം കിട്ടണമെങ്കില്‍
നിസ്വന്റെ കുടിലിനു പിന്നില്‍ തന്നെ ചെല്ലണം!
"വലിയവര്‍ക്കു മാത്രമേ എല്ലില്ലാത്ത ഇറച്ചി കിട്ടൂ"ന്ന്
ഇന്നലെ മായിയമ്മ പറയുന്നത് കേട്ടു.
എങ്കിലും ഞാന്‍ കൃതാര്‍ത്ഥനാണ് !
ഭരിക്കുന്നവരൊഴികെ 'ഡാ പട്ടീ'ന്നു വിളിക്കുന്നു.
എത്ര ശ്രവണാനന്ദദായകം!!
(ഭരിക്കുന്നവരുടെ മുന്നില്‍
മറ്റുള്ളവരൊക്കെ കഴുതകളാണത്രെ)
No comments:
Post a Comment