അപരിചിതയെ പ്പോലെ
മാറി നടക്കുന്നതെന്തേ സഖീ നീ ?
മഹാ വിപിനത്തെ തോല്പിക്കുന്ന
നിന്റെ ഭയാനതയെ ,
ഹിമശൈല പര്‍വ്വം പോലുള്ള
നിന്റെ തണുപ്പിനെ ,
തിളക്കമില്ലാത്ത കൈകള്‍ കൊണ്ട്
എന്റെ ഹൃദയത്തില്‍ കാരമുള്ളു
കുത്തിയാഴ്ത്തുംപോലുള്ള
അവര്‍ണ്ണനീയ വേദനയെ ,
എല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നെന്നു
എന്നെക്കാളും നിനക്കറിയാം .
എന്നിട്ടും നീ മാറി നടക്കുന്നത്
ആരുടെ അനുമതിക്കായാണ് ?
കമിതാക്കളുടെ പരാഗണത്തിന്
അനുമതി നല്‍കാത്ത ദൈവങ്ങളുണ്ടോ ?
നീ വന്നാലും
നിന്റെ മരവിച്ച മടിയില്‍
ശയിക്കുന്നതും സ്വപ്നം കണ്ടു
ഞാനീ മേടുകളും
മരുഭൂകളും താണ്ടുന്നു
എന്റെ താളവും ലയവും നിനക്കാണ്
എന്റെ രചനയും മൊഴികളും നിനക്കാണ്
അല്ല ! ഞാന്‍ തന്നെ നിനക്കുള്ളതാണ്
ഒളിഞ്ഞു നിന്ന് ഭയപ്പെടുത്താതെ
അടുത്തു നിന്നനുഗ്രഹിക്കൂ സഖീ !
No comments:
Post a Comment