ഹൃദയം കുത്തിത്തുരന്നു
സ്നേഹം കാര്‍ന്നുതിന്നുന്ന
ഡ്രാക്കുളകളുടെയും,
അമാവാസിയില്‍ നിദ്ര നിഷേധിക്കുന്ന
പ്രേതപിശാച്ചുക്കളുടെയും
ജന്മദിനങ്ങളില്‍
ഞാന്‍ കവിത ചൊല്ലും.
വിരഹത്തിന്റെ ഉടുക്ക് കൊട്ടി,
പ്രണയംവറ്റിയ ഹാര്‍മോണിയത്തില്‍
തലയിട്ടുലച്ച്,
നോവുന്ന പ്രാസവും
കയ്ക്കുന്ന വൃത്തവും
വരികളില്‍തൂങ്ങുന്ന കവിതകള്‍
മൂന്നുയാമവും നടന്നു ചൊല്ലും.
ചിന്തകള്‍ക്ക്
ബോധക്ഷയം വരുന്നത് വരെ
ആഘോഷം കൊഴുപ്പിച്ചുകൊണ്ടിരിക്കും
എന്നാല്‍,
മനുഷ്യരുടെ ജന്മദിനങ്ങളില്‍
ഏറെക്കുറെ ഞാന്‍ നിശബ്ദനായിരിക്കും.
ഒരുപക്ഷേ,
മനുഷ്യര്‍ ജനിച്ചിട്ടേയില്ലല്ലോ!
No comments:
Post a Comment