Pages

Friday, December 14, 2012

ജാനുനായിക്


അധികാരത്തിന്റെ തേന്‍ നുകര്‍ന്ന്
സിരകളില്‍ മത്തു പിടിച്ചിരിക്കുന്ന
ഉന്നതജാതര്‍ക്ക് മുന്നിലേക്ക്‌
നിശബ്ദം പിടഞ്ഞു വീണ
നിന്നെ പോലുള്ള പഴുത്തിലകളെ
ഗൌനിക്കാന്‍ മാത്രം
തിമിര ബാധിതമാല്ലാത്ത
കണ്ണുകള്‍ അവര്‍ക്കില്ല.

എണ്ണപ്പെട്ട വര്‍ഷങ്ങള്‍ മാത്രം
ആയുസ്സുള്ള അധികാര പീഠത്തിന്റെ
നിശ്ചിത രേഖയിലുള്ള
ചാക്രിക ചലനങ്ങളില്‍,
എതിരെ നിന്നുള്ള ആക്രോശങ്ങളെയും
വശങ്ങളില്‍ നിന്നുള്ള വിലാപങ്ങളെയും
കൃത്രിമ പുഞ്ചിരിയിലൂടെ
പൂമാലയാക്കുന്നവര്‍ക്ക് മുന്നില്‍
നീ രക്തസാക്ഷിയല്ല;
കത്തുന്ന ചിരാതിലേക്ക്
പറന്നു ചാടിയ പ്രാണി മാത്രം.

ഇരകളുടെ പട്ടടയില്‍
മുതലക്കണ്ണീര് കൊണ്ട്
അനുശോചനമെഴുതാന്‍
കാലം നിയോഗിച്ച വേടന്മാരത്രേ അവര്‍.
വനരാജന്റെ മുന്നിലകപ്പെട്ട
മാന്‍പേടക്കു രക്ഷയില്ലെങ്കിലും
തിരിഞ്ഞോടാന്‍ ഒരവസരമുണ്ട് .
ഇവിടെ ?

പ്രതീക്ഷയുടെ അവസാന
തിരിയുമണഞ്ഞപ്പോള്‍
സ്വയം വിധിച്ച വഴിയേ
ഫ്യൂറഡാന്‍ രുചിച്ചു യാത്രയായ നിനക്ക്
ആത്മ ശാന്തി നേരുന്നു.
എങ്കിലും പ്രിയ ജാനുനായിക്
നീ മാതൃകയായേക്കാവുന്ന
തലമുറയോട് പറയട്ടെ
മരണം ഒരിക്കലെ പറ്റൂ..
ഭീഷണി പതയുന്ന മുദ്രാവാക്യം
പലതവണയാവാം !

No comments:

Post a Comment