അപശ്രുതികളുടെ ആധിക്യം മൂലം
സ്വരംചേരാതെ നിര്‍ജ്ജീവമായ പ്രണയ തീരത്തുനിന്നും
മിഴിനാരുകളടര്‍ത്തിമാറ്റി തിരിഞ്ഞു നടന്നപ്പോള്‍,
വാക്കകലങ്ങള്‍ക്കിരുവശവും
നാം നട്ട മൌനമരങ്ങള്‍
സന്ധ്യ ചേക്കേറിയ സഹ്യാദ്രി പോലെ
നിഴലിച്ചു നില്പുണ്ടിപ്പോഴും.
എന്നിട്ടു മെന്തേ..
ഊഷരതക്കടിയില്‍
അവയുടെ വേരുകള്‍ പരസ്പരം കെട്ടുപിണഞ്ഞു സ്വാസ്ഥ്യരാകുന്നു?
മഴനൂലുകള്‍ക്കിടയില്‍
ഇലകള്‍ തമ്മില്‍ കൈകോര്‍ത്തു സംപ്രീതരാകുന്നു?
ഹാ ,
നിന്റെ നിര്‍ലജ്ജമയക്കത്തിന്
തണല്‍ വിരിക്കുന്ന
പഴുത്തിലകള്‍ക്ക് അശ്രുസേചനം നടത്തുകയാണിന്നു
ഞാന്‍.
ധൂമം നിറഞ്ഞ,
ഹൃദയത്തിലേക്ക് വീശാനല്പം തെളിച്ചവുമായൊരു തെന്നല്‍
അവിടെ ഊഴം കാത്തലയുന്നുണ്ട്.
ഈ രാത്രിയെങ്കിലുമാ ജനല്‍പാളിയല്പം തുറന്നു വെക്കൂ..
നിന്റെ ശയ്യാതലത്തിലേക്കരിച്ചിറങ്ങുന്ന
പ്രഭാത കിരണങ്ങള്‍ക്കൊപ്പം
മൌനത്തിന്റെ മുദ്രണം ചെയ്ത എന്റെ സന്ദേശവുമുണ്ട്.,
അവപുതച്ചൊരു നീളം വീണ്ടുമുറങ്ങുക
നമ്മുടെതാകുന്ന നാളകളെ സ്വപ്നംകാണുക..
No comments:
Post a Comment