'ആ'എന്നക്ഷരത്തിൽ നിന്നോ
'അമ്മ'യെന്ന
വാക്കിൽ നിന്നോ
'മ്മ'യെന്ന
പകുതിയിൽനിന്നോ
ആണെന്റെ
കവിതയാരംഭിക്കുന്നത്..
ചിരികളും
ചിണുങ്ങലുകളും
കരച്ചിലും പിണക്കങ്ങളും
ഇടയ്ക്കിടെ ഇറങ്ങിയോടുന്ന
വൃത്തമുടഞ്ഞ
വരികളിൽ
പ്രാസമൊക്കുന്നില്ല,
താളം ചേരുന്നുമില്ല!
എങ്കിലുമിടക്കൊക്കെ
എഴുത്തു മേശയുടെ
കരകരപ്പിൽനിന്ന്
ചില ജീവക്രമങ്ങള്‍
ഉരിത്തിരിഞ്ഞ്
വരാറുണ്ട്!
ഭൂമിയുടെ
അവസാനത്തെ ചരുവിലേക്ക്
ചിറകില്ലാ പക്ഷികളെപ്പോലെ
അവ നഷ്ടപ്പെടാറുമുണ്ട്..
അതെന്തെങ്കിലുമാകട്ടെ,
ഏതക്ഷരത്തിൽ തുടങ്ങിയാലും
ഏത് തൃഷ്ണയിൽ
വികസിച്ചാലും
എത്ര സങ്കല്പ്പങ്ങളിലെക്ക്
പരകായം ചെയ്താലും
നഷ്ടപ്പെടുന്ന ഘനത്തെ
തിരിച്ചുപിടിക്കാനുള്ള
പാഴ് ശ്രമത്തിലും
'മരണ'മെന്ന വാക്കിലുമാണ്
എന്റെ ജീവിതമാവസാനിക്കുന്നത്,
ഈ കവിതയും..
അതിനാൽ, ആസ്വാദകർക്ക്
രണ്ടും ശുഭകരമല്ല..
No comments:
Post a Comment