Pages

Friday, March 7, 2014

മദീനയിലേക്ക്...


ഉദിച്ചസ്തമിച്ച നക്ഷത്രങ്ങളെ
എപ്പോഴെങ്കിലുമൊക്കെ
സ്മരിക്കാറുണ്ട് ലോകം
പ്രവാചകരേ..
അങ്ങസ്ഥമിച്ചിട്ടില്ല
അസ്തമിക്കുകയുമില്ല!

ഞാനെത്ര നിസാരൻ!
അങ്ങയുടെ പ്രകാശം ദർശിച്ചവരല്ലേ ലബ്ദപ്രതിഷ്ഠര്‍!?

കപടമീയിന്നിന്റെ മനസ്സുകള്‍
മസ്തിഷ്കത്തില്‍ ഹുങ്ക് മുളച്ചവര്‍
അങ്ങ് കത്തിച്ച തിരിനാളത്തില്‍ നിന്നവര്‍ തീ പകരുന്നു
അങ്ങൊരുക്കിയ മജ്ലിസുകളിലവര്‍
ഭജനമിരിക്കുന്നു
അങ്ങ് പകര്‍ന്ന
ദര്‍ശനങ്ങളില്‍നിന്നവര്‍ സംഘങ്ങളാകുന്നു
അങ്ങയുടെ വാക്കുകളില്‍നിന്നവര്‍
വാചകങ്ങള്‍ സൃഷ്ടിക്കുന്നു

ഒടുവിലവര്‍, അങ്ങയെ നിസ്സാരനാക്കയും
താന്താങ്ങളുടെ മഹത്വവല്‍ക്കരണം
നടപ്പിലാക്കയും ചെയ്യുന്നു
അപ്പോഴുമവര്‍ താങ്കളെ സ്തുതിക്കയും
കവിത രചിക്കയും ചെയ്യുന്നു!

'കപടമീ ലോക'മെന്ന പ്രയോഗം തെറ്റും
'കപടരീ ജനങ്ങ'ളെന്ന പ്രയോഗം ശരിയുമാകുന്നത്
അങ്ങയെ ശ്രവിക്കുമ്പോഴാണ്.
അന്നവിടുന്ന്,
ഒരൊട്ടകത്തിന്റെ പ്രാര്‍ഥനക്ക് പ്രത്യുത്തരം നല്‍കാതെ
കരഞ്ഞതോര്‍ക്കുമ്പോള്‍
അങ്ങയുടെ കണ്ണീരിന്
ഒരു മഹാപ്രളയത്തേക്കാള്‍ പ്രകമ്പനമുണ്ടെന്ന്
ഇന്ന് ഞാനറിയുന്നു..!

പരകോടി ബിന്ദുകള്‍ സ്വലാത്ത് ചൊല്ലുന്ന
അങ്ങയുടെ തിരു സവിധത്തിലേക്ക്
ഈ പ്രപഞ്ചത്തിന്റെ അടഞ്ഞ കോണിലിരിക്കുന്ന
സർവ്വദോശിയാമീ പാപിയുടെ
ശ്വാസോഛാസങ്ങള്‍ എടുത്ത് കൊള്‍ക...!

No comments:

Post a Comment