ഒരുകവിത കൂടി എനിക്കെഴുതണം
സിദ്റതുല്‍ മുന്തഹായില്‍ നിന്ന്
എന്റെ പേരെഴുതിയ ഇല
കൊഴിഞ്ഞു വീഴും മുമ്പ് ,
പള്ളിക്കാട്ടിലെ വടക്ക് മൂലയില്‍
ഊഹം കാത്തിരിക്കുന്ന
മീസാന്‍ കല്ലുകളില്‍
എന്റെ നാമം കുറിക്കപ്പെടും മുമ്പ് ,
പ്രണയം നഷ്ടപ്പെട്ട കാമുകന്‍
ഗധ്യന്തരമില്ലാതെ എഴുതുന്ന
ഗദ്യ കവിത എനിക്കെഴുതണം .
തൂലികയുടെ
ധൃതചലനത്തില്‍ നിന്ന് വരുന്ന
ആദ്യത്തെ രാഗാര്‍ദ്ര വരികളില്‍
ഞാനൊരു ചുംബനം സൂക്ഷിച്ചു വെക്കും .,
നിന്റെ നെറുകയില്‍ ചാര്‍ത്താന്‍ .
ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നുതിരുന്ന
രണ്ടാമത്തെ ഘണ്ടിക
പൂമണമുള്ളോരു കുളിര്‍ തെന്നലായ്
നിന്നേകാന്ത രാത്രികളില്‍
നിന്നെ തഴുകി ക്കൊണ്ടിരിക്കും !
അപ്പോഴും നീ മൌനം ത്യജിക്കരുത് .
എന്നെ കാണുമ്പോള്‍
തിരിഞ്ഞു നടക്കുന്ന നിന്നെ കണ്ടു
വിരഹിച്ചു വികലമായ
എന്റെ മസ്തിഷ്ക മണ്ഡലത്തില്‍
നിന്ന് വരുന്ന
അവസാനത്തെ വരികള്‍ വായിച്ചു
നിന്റെ ഹൃദയത്തിലൊരു
സൂചി ക്കുത്തിന്റെ വേദന
അനുഭവപ്പെട്ടെങ്കില്‍
നീ മനസ്സിലാക്കുക
ഞാന്‍ നിന്റെ ആരോ ആയിരുന്നെന്ന്..
അഞ്ജതയുടെ ഇരുളറയില്‍ നിന്നും നീ
തിരിച്ചറിവിന്റെ
പൂമുഖത്തേക്കെത്തുംപോഴേകും -
ചിലപ്പോള്‍ മീസാന്‍ കല്ലുകള്‍ -
ചരിത്രം പറഞ്ഞു തുടങ്ങിയിരിക്കും .!
No comments:
Post a Comment