നിനക്ക് സ്വാഗതം..
ചുടു സർപ്പങ്ങളാടുന്ന പകലുകളും
വേവുന്ന രാത്രികളും
നിന്റെതാക്കാൻ ശ്രമിക്കുന്നൊരു പാപിയുടെ
സലാം..
തിളക്കുന്ന
കുളിവെള്ളത്തിൽ വീണു പൊലിഞ്ഞ
സ്വപ്നങ്ങളിൽ നിന്നുണർന്നു
മാറിൽ മുഖംപൊത്തിക്കരയാൻ
നീയെനിക്കു തോഴനാവുക
വ്യഥ,വികാര,വിലാപ നടനങ്ങളിൽ
പെട്ടൂ'ർന്നൊലിക്കുന്ന കണ്ണുകളിൽ
സാന്ത്വന സംഗീത മഴയായ് പെയ്യുക നീ
ലക്‌ഷ്യങ്ങളില്ലാത്തൊരൂരുതെണ്ടിയുടെ
ചോർന്നു പോകുന്ന ചിന്തകൽക്കൊരു
തടയാകണം;
നീ പാഥേയ മാകണം..
പിറക്കാതെ പോയ കുഞ്ഞുങ്ങൾക്ക്
ആശ്വാസമേകണം നീ..
മരിച്ചു വീണ സത്യങ്ങൾക്ക്
ഉയിർപ്പാകണം നീ..
കത്തുന്ന കരളിന് കുളിരാകണം;
കയ്ക്കുന്ന നേരിന് മധുരമാവണം..
അനിവാര്യമായൊരൊടുക്കത്തിന്,
തീർപ്പ് കൽപ്പിക്കപ്പെടുന്ന പുനർ ജൻമത്തിന്,
നേരറിഞ്ഞവരുടെ വിജയങ്ങൾക്ക്
ഒക്കെയും നീ തെളിവാകണം..
പാപം തളിർത്തൊരീ മണൽകാട്ടിലേക്ക്
പുണ്യങ്ങളുടെ പൂമഴ
പെയ്തിറങ്ങുമ്പോൾ
നിന്റെതാവാൻ ശ്രമിക്കുന്നൊരു പാപിയുടെ
വിറക്കുന്ന സലാം..
മർഹബാ റമദാൻ !
No comments:
Post a Comment